മലയാളം English

ജൈവജീവിത സന്ദേശങ്ങള്‍ നല്‍കി കുടുംബസംഗമങ്ങള്‍

കേരളാ ജൈവ കർഷക സമിതിയുടെ രജത ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി 2017 ഒക്ടോ 14 ന് മലപ്പുറം ജില്ലയിലെ തിരൂരിൽ വെച്ച് നടന്ന കുടുംബ സംഗമത്തിൽ  200 ലധികം കുടുംബങ്ങളാണ് പങ്കെടുത്തത്. 'ജൈവകൃഷിയിലൂടെ ആരോഗ്യ ജീവിതം' എന്ന സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് കേരളത്തിലെ വിവിധ ജില്ലകളിൽ കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചു വരുന്നു. കഴിഞ്ഞ ഒക്ടോബർ 8 ന് ആലപ്പുഴ ജില്ലയിലാണ് കുടുംബ സംഗമങ്ങൾക്ക് തുടക്കം കുറിച്ചത്. ഡിസംബർ 2 ന് കണ്ണൂരിലും തുടർന്ന് തൃശ്ശൂരും കോട്ടയത്തും കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കുന്നതാണ്. ജില്ലകളിലെ പ്രധാന സംഗമങ്ങൾ കൂടാതെ പ്രാദേശിക സംഗമങ്ങളും ഉണ്ടായിരിക്കുന്നതാണ്.
രണ്ടു സെക്ഷനിലായി നടക്കുന്ന ഏകദിന പരിപാടിയിൽ ആദ്യഭാഗം കേരള ജനതയുടെ ആരോഗ്യപ്രശ്നങ്ങളും അതിനുള്ള കാരണങ്ങളും വിശകലനം ചെയ്യുന്നു. രണ്ടാമത്തെ സെക്ഷനിൽ ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങളാണ് ചർച്ച ചെയ്യുന്നത്.

മലപ്പുറം ജില്ലയിലെ തിരൂർ തുഞ്ചൻ പറമ്പിനടുത്തുള്ള നൂർലേക്കിൽ നടന്ന പരിപാടി തിരൂർ നഗരസഭ ചെയർമാൻ ശ്രീ എസ്. ഗിരീഷ് ഉൽഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശ്രീ ഒ. പി. വേലായുധൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ശ്രീമതി ഖദീജ നർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. 
ഒരേ ഭൂമി ഒരേ ജീവൻ പത്രാധിപർ
ശ്രീ വി. അശോകകുമാർ, ജൈവ കർഷക സമിതി സംസ്ഥാന പ്രസിഡന്‍റ് ശ്രീ ചന്ദ്രൻ മാസ്റ്റർ എന്നിവർ ക്ലാസുകൾ നയിച്ചു.