മലയാളം English

പ്രതിഷേധ പ്രളയം തീർത്ത് നെൽവയൽ സംരക്ഷണ കൺവെൻഷൻ.

നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തിയ സംസ്ഥാന സർക്കാരിന്‍റെ നീക്കത്തിൽ പ്രതിഷേധിച്ച് പരിസ്ഥിതി, കർഷക, സാമൂഹിക സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ കൺവെൻഷൻ
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വന്ന ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 2008 ലെ നെൽവയൽ നീർത്തട നിയമ ഭേദഗതി റദ്ദ് ചെയ്യുക, നെൽവയൽ സംരക്ഷിക്കുന്നവർക്ക് റോയൽറ്റി നൽകുക, ഡാറ്റാബാങ്ക് ഉടൻ പ്രസിദ്ധീകരിക്കുക, തരിശ് നിലങ്ങൾ കൃഷിയോഗ്യമാക്കി മാറ്റാനുള്ള സംവിധാനങ്ങൾ ഒരുക്കുക തുടങ്ങിയ വിവിധ  ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കൺവെൻഷൻ നടന്നത്. കാലവർഷക്കെടുതിയിൽ പ്രളയദുരിതത്തിൽ മരിച്ചവർക്ക് അനുശോചനം അർപിച്ചു കൊണ്ടാണ് പരിപാടി ആരംഭിച്ചത്. 
ആഗസ്ത് 12ന് രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി ജൈവകർഷകർ പറ നിറച്ച് ഉൽഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ മനോജ് കരിങ്ങാമഠത്തിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുൻ തൃശ്ശൂർ മേയർ ശ്രീ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എൻ എ പി എം കൺവീനർ ശ്രീമതി കുസുമം ജോസഫ് ആമുഖ പ്രഭാഷണം നടത്തി.
ശ്രീമതി സാറാ ജോസഫ്, ശ്രീ കുട്ടി അഹമ്മദ് കുട്ടി എം എൽ എ, കേരളാ ജൈവ കർഷക സമിതി ജോയിന്‍റ് സെക്രട്ടറി  ശ്രീ കെ. പി ഇല്യാസ്, 
ഡോ വി.എസ്. വിജയൻ (സാലിം അലി ഫൗണ്ടേഷൻ) ശ്രീ പി. ടി തോമസ് എം എല്‍ എ എന്നിവർ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
കൺവെൻഷന്‍റെ ഭാഗമായി പ്രസിദ്ധീകരിച്ച ശ്രീ മോഹന്‍ദാസ് മാഷ്  തയ്യാറാക്കിയ ലഘുലേഖ ശ്രീ ജോൺ പെരുവന്താനം ശ്രീ ടി വി രാജന് കൈമാറി പ്രകാശനം നിർവഹിച്ചു. നെൽവയലുമായി ബന്ധപ്പെട്ട കേരളീയം മാസികയുടെ പ്രത്യേക പതിപ്പ് ശ്രീ കുട്ടി അഹമ്മദ് കുട്ടി എം എൽ എ, കർഷകർക്ക് നൽകി പ്രകാശനം ചെയ്തു.
കൺവെൻഷന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ആറങ്ങോട്ടുകര പാഠശാല ഇടനിലങ്ങൾ എന്ന നാടകം അവതരിപ്പിച്ചു.
ഉച്ചയ്ക്ക് ശേഷം നാലു ഗ്രൂപ്പുകളായി തിരിഞ്ഞ് നെൽകൃഷി വ്യാപനം, നിയമം, നവമാധ്യമം-ഡാറ്റാബാങ്ക്, സമരം എന്നീ വിഷയങ്ങളെ കുറിച്ച് ചർച്ചകൾ നടത്തി.
ചർച്ചകൾ കോ ഓർഡിനേറ്റ് ചെയ്തു കൊണ്ട് 
ശ്രീ അഡ്വക്കേറ്റ് പി എ പൗരൻ, ശ്രീ സി ആർ നീലകണ്ഠൻ, ശ്രീ എസ് ഉഷ (തണൽ), ശ്രീ എസ് പി രവി (ചാലക്കുടി പുഴ സംരക്ഷണ സമിതി) എന്നിവർ സംസാരിച്ചു.  ശ്രീ വിജയരാഘവൻ ചേലിയ ചർച്ച മോഡറേറ്റ് ചെയ്തു. ശ്രീ ആർ ശ്രീധർ നടന്ന  ചർച്ചയുടെ അടിസ്ഥാനത്തിൽ ഭാവിരേഖ മുന്നോട്ട് വെച്ചു.
സംഘാടക സമിതിക്ക് വേണ്ടി ശ്രീ ശരത് ചേലൂർ നന്ദി പ്രകാശനം നടത്തി.  ഭാവി പരിപാടികൾക്ക് രൂപം കൊടുത്തിട്ടാണ് കൺവെൻഷൻ അവസാനിപ്പിച്ചത്.