മലയാളം English

വയല്‍രക്ഷാ കേരളരക്ഷാ പരിപാടികള്‍ക്ക് തുടക്കമിട്ട് ജൈവകര്‍ഷക സമിതി ക്യാമ്പ്

നെല്‍വയല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുന്നതിനു വേണ്ടി കേരളാ ജൈവകര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ പരിശീലകര്‍ക്കുള്ള പരിശീലന ക്യാമ്പ് നടന്നു. പട്ടാമ്പി പള്ളിപ്പുറം നാട്ടുകോലായയില്‍ വെച്ച് സെപ്തംബര്‍ 29, 30 തീയതികളില്‍ നടന്ന ക്യാമ്പില്‍ നൂറിലധികം ആളുകള്‍ പങ്കെടുത്തു. കേരളത്തിലെ നെല്‍വയലുകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ചര്‍ച്ചയോടൊപ്പം വയല്‍ സംരക്ഷണ ബോധവല്ക്കരണ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി സജീവമാക്കുന്നതിനു വേണ്ടി ക്യാമ്പില്‍ പദ്ധതികളും ആവിഷ്കരിച്ചു.

29 ന് രാവിലെ 11 മണിക്ക് ആരംഭിച്ച പരിപാടി പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. ടി.ശാന്തകുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു കേരളാ ജൈവകർഷക സമിതി സംസ്ഥാന പ്രസിഡന്‍റ് ശ്രീ  പി.കൃഷ്ണൻ അഭയം അധ്യക്ഷത വഹിച്ച ഉല്‍ഘാടന പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി ശ്രീ അശോകകുമാര്‍ വി സ്വാഗതം പറഞ്ഞു.

തുടര്‍ന്ന് വയലും പരിസ്ഥിതിയും എന്ന വിഷയത്തെക്കുറിച്ച് ചാലക്കുടി പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകനായ ശ്രീ എസ് ഉണ്ണികൃഷ്ണന്‍ ക്ലാസെടുത്തു. പുഴകളുടെ റിസര്‍വോയറുകളാണ് വയലുകളെന്നും പ്രളയ നിയന്ത്രണത്തിലും  ജലസംരക്ഷണപ്രവര്‍ത്തനങ്ങളിലും വയലുകള്‍ വഹിക്കുന്ന പങ്കിനെകുറിച്ചും അദ്ധേഹം വ്യക്തമാക്കി.പുഴത്തടങ്ങളെ കേന്ദ്രമാക്കി പ്രദേശങ്ങളെ തിരിച്ചുള്ള പഠനങ്ങളും പ്രവര്‍ത്തനങ്ങളുമാണ് കേരളത്തിനാവശ്യമെന്ന് അദ്ധഹം പറഞ്ഞു.

വയലും ജൈവ വൈവിധ്യവും എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്ത് സംസാരിച്ച ശ്രീ മനോജ് കരിങ്ങാമടത്തില്‍ കോള്‍വയല്‍ പ്രദേശവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന നിരവധി ജീവിവര്‍ഗ്ഗങ്ങകളുടെയും സസ്യങ്ങളുടെയും പ്രത്യേകതകളും അവയുടെ പാരിസ്ഥിതിക പ്രാധാന്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. ഏറെ മനുഷ്യരുടെ ജീവനോപാധിയായ ഉള്‍നാടന്‍ മത്സ്യ സമ്പത്തടക്കമുള്ള വൈവിധ്യങ്ങള്‍ വയലില്ലാതാകുന്നതോടു കൂടി നഷ്ടപ്പെടുകയാണെന്ന് ശ്രീ മനോജ് പഠനങ്ങള്‍ സഹിതം വ്യക്തമാക്കി.

തുടര്‍ന്ന് നെല്‍വയലും നെല്‍കൃഷിയും എന്ന വിഷയത്തെക്കുറിച്ച് ജൈവകര്‍ഷക സമിതി സംസ്ഥാന സെക്രട്ടറിയായ ശ്രീ കെ. പി ഇല്യാസും സംസ്ഥാന വൈസ് പ്രസിഡന്‍റായ ശ്രീ ചന്ദ്രന്‍ മാസ്റ്ററും സംസാരിച്ചു. കേരളത്തില്‍ ഭീകരമായ രീതിയില്‍ നെല്‍കൃഷി കുറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം കണക്കുകള്‍ സഹിതം ശ്രീ ഇല്യാസ് വിവരിച്ചു. തരിശുപാടങ്ങള്‍ കൃഷിയോഗ്യമാക്കുകയും ഇരുപ്പൂ കൃഷി പലയിടങ്ങളിലും തിരിച്ചു കൊണ്ടുവരികയും ചെയ്താല്‍ കേരളത്തിനാവശ്യമായ അരിയുടെ 50 ശതമാനമെങ്കിലും ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്ന് ശ്രീ ചന്ദ്രന്‍ മാസ്റ്റര്‍ വിശദീകരിച്ചു.

30 ന് ക്സാസുകളെ തുടര്‍ന്ന്  നടന്ന ആസൂത്രണ യോഗത്തില്‍ വിവിധ പരിപാടികള്‍ക്ക് സമിതി രൂപം നല്കി. സംസ്താന തലത്തില്‍ നടത്തിയതു പോലെ ജില്ലാതലത്തിലും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും  അതിനു ശേഷം ജില്ലാതല വാഹന ജാഥ, സായാഹ്ന സദസ്സുകള്‍, തെരുവ് നാടകങ്ങള്‍,  നാട്ടരി ഭക്ഷ്യമേള, തരിശ് പാടങ്ങള്‍ പ്രാദേശിക സഹകരണത്തോടു കൂടി കൃഷി ചെയ്യുക, ജില്ല/ താലൂക്ക് തലത്തിൽ വയൽസംരക്ഷണ കര്‍ഷക കൂട്ടായ്മകളെ ആദരിക്കുക, നിയമപരമായി ഇടപെടുക, സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിക്കുക, ഡാറ്റാബാങ്ക് കുറ്റമറ്റതാക്കുന്നതിനായി പഞ്ചായത്തുതല ഇടപെടലുകള്‍ നടത്തുക ഇങ്ങനെ വിവിധ പരിപാടികള്‍ നടത്താന്‍ സമിതി തീരുമാനിച്ചു.

പരിപാടി ഉച്ചയ്ക്ക് 2 മണിക്ക് അവസാനിച്ചു.