മലയാളം English

കിഴങ്ങുകള്‍ കൊണ്ട് വിസ്മയമൊരുക്കി ആളൂര്‍ കിഴങ്ങുല്‍സവം

കിഴങ്ങുകള്‍ കൊണ്ട് വിസ്മയമൊരുക്കി ആളൂര്‍ കിഴങ്ങുല്‍സവം

തൃശ്ശൂർ ജില്ലയിലെ ആളൂർ പഞ്ചായത്തിന്‍റെ സഹകരണത്തോടെ കേരളാ ജൈവകർഷക സമിതി ആളൂർ യൂണിറ്റ് നടത്തിയ ജൈവകർഷക സംഗമവും കിഴങ്ങുൽസവവും ഗംഭീര വിജയമായി. 300 ലധികം പേർ പങ്കെടുത്ത പരിപാടി ഇരിങ്ങാലക്കുട എം എൽ എ ശ്രീ അരുണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ എ ആർ ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. ആളൂർ യൂണിറ്റ് ജൈവകർഷക സമിതി പ്രസിഡന്റ് കെ എസ് ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. താഴെക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് എം എസ് മൊയ്തീൻ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ പി സി ഷൺമുഖൻ വാർഡ് മെമ്പർ ശ്രീമതി കൊച്ചുത്രേസ്യ ദേവസ്യ, കൃഷി ഓഫീസർ കെ കെ സതീശൻ എന്നിവർ ആശംസകൾ അർപിച്ചു. ജൈവകർഷക സമിതി ആളൂർ യൂണിറ്റ് സെക്രട്ടറി ശ്രീ അശോകൻ ഇ ഡി നന്ദി പറഞ്ഞു.

ഉൽഘാടന പരിപാടിക്കു ശേഷം ജൈവകൃഷി ആരോഗ്യം എന്ന വിഷയത്തിൽ ശ്രീ കെ വി ദയാൽ, കിഴങ്ങു വിളകളുടെ പ്രാധാന്യത്തെ കുറിച്ച് ശ്രീ പി ജെ മാനുവൽ എന്നിവർ ക്ലാസെടുത്തു. 
പരിപാടിയുടെ ഭാഗമായി വിവിധ തരം കിഴങ്ങുവിളകൾ, നടീൽ വസ്തുക്കൾ, ജൈവ ഉൽപന്നങ്ങൾ, പുസ്തകങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപനയും നടന്നു. ഉച്ച ഭക്ഷണവും രണ്ടു നേരത്തെ ലഘു ഭക്ഷണവും ജൈവകർഷക സമിതി അംഗങ്ങൾ സംഭാവന ചെയ്ത ജൈവ വിഭവങ്ങൾ ഉപയോഗിച്ചാണ് തയ്യാറാക്കിയത്.