മലയപ്പുലയൻ തന്റെ മാടത്തിന്റെ മുറ്റത്ത് മഴ വന്ന നാളിൽ ഒരു വാഴ നട്ടു. മലയനും കുടുംബവും കൂടി ആ വാഴ ലാളിച്ചു വളർത്തി. പഴമാകുമ്പോൾ ആര് ആദ്യമെടുക്കും എന്നു പറഞ്ഞ് മക്കൾ മാടത്തിന്റെ മുമ്പിൽ വഴക്കുകൂടി.
"കൊല വരാറായി, ല്ലതിനു മുമ്പേ തന്നെ
കൊതിയന്റെ നാക്കത്തു വെള്ളം വന്നു "
എന്നവർ തമ്മിൽ കളിയാക്കി. പക്ഷേ വാഴ കുലച്ച് മൂത്തപ്പോൾ വെട്ടാനിറങ്ങിയ മലയന്റെ കൈകൾ വാടിത്തളർന്നു പോയി. കുട്ടികൾ ഉറക്കെ കരഞ്ഞു. അവരെ ആശ്വസിപ്പിച്ച് മലയൻ ഒരു വിധം പറഞ്ഞു. "മക്കളേ, തമ്പിരാൻ കല്പിച്ചു.... നിങ്ങൾക്കു വേറേ തരാം....."
"വാഴക്കുല " എന്ന ജനകീയ കാവ്യം 1940 ലാണ് ചങ്ങമ്പുഴ എഴുതിയത്. കവിത അവസാനിക്കുന്നത് കവി ഇങ്ങനെ രണ്ടു ചോദ്യമെറിഞ്ഞു കൊണ്ടാണ്.
"ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരെ നിങ്ങൾ തൻ പിന്മുറക്കാർ?
പണമുള്ളോർ നിർമ്മിച്ച നീതിക്കിതിലൊന്നും
പറയുവാനില്ലേ?- ഞാൻ പിൻവലിച്ചു. "
കേരളത്തിലെ ജന്മികാലത്തിന്റെ നിർദ്ദയത്വം നമ്മുടെ ഏറ്റവും ജനകീയമായ ഒരു ഭക്ഷ്യവിളയെ മുൻനിർത്തി അതീവ ലളിതമായി ആവിഷ്കരിച്ച കവിതയാണ് വാഴക്കുല. മാത്രമല്ല പണ്ട് ജന്മിക്ക് കുടിയാൻ തിരുമുമ്പിൽ സമർപ്പിക്കുന്നതും "കാഴ്ചക്കുല "യാണല്ലോ?
അന്ന് തമ്പുരാന് കുല വെട്ടി കൊടുത്ത ശേഷം മലയപ്പുലയൻ തന്റെ മാടത്തിൽ തിരിച്ചെത്തി എന്തു ചെയ്തു കാണും? "ഇക്കാണായതൊക്കെ തമ്പിരാന്റെതാ" ണെന്നും "നമ്മൾ അവരുടെ വെറും അടിമപ്പണിക്കാരാ"ണെന്നും പറഞ്ഞ് മക്കളെ അയാൾ ആശ്വസിപ്പിച്ചു കാണും. അയാളുടെ ഭാര്യ അഴകിയും അതിൽ പങ്കുചേർന്നിരിക്കും. കുല പോയാലും മുറ്റത്ത് ബാക്കി നിൽക്കുന്ന വാഴത്തടയുടെ പോളകൾ ഉരിഞ്ഞുമാറ്റി അതിന്റെ വാഴപ്പിണ്ടി അമ്മ എടുത്തുകാണും. അതു
കൊണ്ട് അവർ നല്ല തോരനോ കറിയോ ഉണ്ടാക്കി ഇത്തിരിയുള്ള നെല്ല് കുത്തി കഞ്ഞിയാക്കി മക്കൾക്ക് വിളമ്പിയേക്കാം. അതുപോലെ, മുമ്പ് വാഴ കുലച്ച നാളിൽ, അതിന്റെ കൂമ്പ് ഒടിച്ചെടുത്ത് തോരൻ ഉണ്ടാക്കിയിരിക്കും. അതും മക്കൾ സന്തോഷത്തോടെ അന്ന് കഴിച്ചിരിക്കും.
ഭക്ഷണത്തെപ്പറ്റിയുള്ള മറ്റൊരു പരാമർശവും വാഴക്കുലയിലുണ്ട്. അതിങ്ങനെയാണ്,
"ഉടയോന്റെ മേടയിലുണ്ണികൾ, പഞ്ചാര -
ച്ചുടു പാലടയുണ്ടുറങ്ങിടുമ്പോൾ "
മലയപ്പുലയന്റെ മക്കൾ പട്ടിണി കിടക്കുന്നു.
"അവരുടെ തൊണ്ട നനക്കുവാനുള്ളതെ-
ന്തയലത്തെ മേട്ടിലെ തോട്ടു വെള്ളം !"
രണ്ടു കാര്യങ്ങളിലാണ് നീതിബോധമുള്ളവർക്ക് കടുത്ത അമർഷമുണ്ടാകുന്നത്. ഒന്ന്, പണിയാളർ നട്ടുനനച്ച് വളർത്തുന്നത് ഒരു പണിയുമെടുക്കാത്ത ഉടയോർ തട്ടിയെടുക്കുന്നു. രണ്ട്, പകരം പാവങ്ങൾക്ക് പട്ടിണി സമ്മാനിക്കുന്നു. അതിന്റെ കാരണം കൂടി ചങ്ങമ്പുഴ സൂചിപ്പിക്കുന്നുണ്ട്. വാഴ കുലച്ച നാളിൽ കുട്ടികൾ അതു നോക്കി കൊതിച്ച് സ്വപ്നം കണ്ടപ്പോൾ അതിലൊരാൾ ഇങ്ങനെ പ്രതികരിക്കുന്നു ,
"പരിഭവിച്ചീടുന്നു നീലി അന്നച്ചന -
തരി വാങ്ങാൻ വല്ലോർക്കും വെട്ടി നൽകും."
കായ മൂത്താൽ അത് അച്ഛൻ വെട്ടിയെടുത്ത് വിറ്റ് , ആ കാശിന് അരി വാങ്ങി വരും. അതവൾ മുമ്പ് കണ്ടിട്ടുള്ളതാണ്. എന്നാൽ വാഴക്കുല തമ്പുരാൻ തട്ടിയെടുത്തതോടെ പഴവും ഇല്ല, ചോറും കൂടി ഇല്ലെന്നായി. പിന്നെ അവർക്ക് വയറു നിറയ്ക്കാൻ ആകെയുള്ളത് അടുത്ത കുന്നിൽ നിന്ന് ഒലിച്ചെത്തുന്ന തോട്ടു വെള്ളം മാത്രം!
ഇന്ന് ജന്മിത്തം നിയമം വഴി നാടുനീങ്ങി. കൂലി ചോദിച്ചു വാങ്ങാം എന്ന നില വന്നു. അന്ന് മേടയിലെ ഉണ്ണികൾ മാത്രം കഴിച്ച പഞ്ചസാര, 1955 ൽ അവശ്യ ഭക്ഷ്യവസ്തുവായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു, അത് റേഷൻകട വഴി യൂണിറ്റ് കണക്കാക്കി എല്ലാവർക്കും കിട്ടി, നിത്യവിഭവമാക്കി. അത് കഴിച്ച് ആദ്യം തമ്പുരാൻ കുട്ടികളും , അവരെ പിൻതുടർന്ന് എല്ലാ കുടിയാൻ അടിയാൻമാരും പ്രമേഹത്തെ സ്വയം വരിച്ചു , അവർക്ക് ഇപ്പോൾ സർക്കാർ ആശുപത്രിയിൽ സൗജന്യ മരുന്നുണ്ട്.
അന്ന് പട്ടിണി കിടന്നപ്പോൾ മാടത്തിലെ മക്കൾക്ക് തുണയായ, മലയിലെ തോട്ടു വെള്ളം പോയിട്ട് മല തന്നെ പോയി. കോളനികളിൽ പൈപ്പിന്റെ മുന്നിലെ, നിരന്ന കുടങ്ങളിലെ അതി ക്ലോറിൻ മണമോ ജലനിധി പ്രോജക്ടോ വേനലിലെ ലോറിയോ കുപ്പിവെള്ളമോ ആയി തോട്ടുവെള്ളം പുനർജ്ജനിച്ചു.
അന്ന് തമ്പുരാന്റെ മക്കൾ കുടിച്ച നാടൻപാല് ഇന്ന്, പല പല നാമങ്ങളിൽ, രാവിലെ പ്ലാസ്റ്റിക് കവറിൽ എല്ലായിടത്തും എത്തുന്ന വെളുത്തു കൊഴുത്ത ദ്രാവകമായി, ഭക്ഷ്യ സുരക്ഷാ വകുപ്പ് വല്ലപ്പോഴും മിന്നൽ പരിശോധനയിൽ പിടിച്ചെടുത്ത് കേസാക്കുന്ന വാർത്തയുമായി.
അന്ന് മലയപ്പുലയൻ പണിയെടുത്തുണ്ടാക്കിയ തവിടുള്ള നാട്ടരിയുടെ അടയാണ് മേടയിലെ ഉണ്ണികൾ കഴിച്ചത്. ഇന്ന് ഡബിൾ പോളിഷ് ചെയ്ത അരി കൊണ്ട് ചോറും ദോശയും സുലഭമായി. ഈ പഞ്ചസാരയും പായ്ക്കറ്റു പാലും വെളുത്ത അരിയും ആവശ്യാനുസരണം കഴിച്ച്, തമ്പുരാന്റെ കുടവയർ ഇന്ന് കാണക്കുടിയാന്റെയും വെറും കുടിയാന്റെയും അടിയങ്ങളുടെയും സന്തതിപരമ്പരകൾക്കൊക്കെ കൊതി തീരെ കിട്ടി. കൊച്ചമ്മമാർ മാത്രമല്ല ,അടിച്ചുതളിക്കാരി ജാനുവും നെല്ലുകുത്തുകാരി പാറുവും കറ്റമെതിക്കാരി കാളിയും നന്നേ തടിച്ചികളായി. ആൺ പെൺ ഭേദവും വർഗ്ഗ വ്യത്യാസവും പാടെ മാറി, എല്ലാവരും ഭയഭക്തി ബഹുമാനത്തോടെ രാവിലെ രക്തം, കഫം, മലം, മൂത്രം ലാബിൽ നിശ്ശബ്ദരായി.....
അന്ന് വാഴക്കുലയുമായി തമ്പുരാന്റെ പടിക്കലേക്ക് അച്ഛൻ പോകുന്നത് നോക്കി നീലിയും ആങ്ങളമാരും വാവിട്ടു കരഞ്ഞതിന്റെ പ്രതികാരമെന്ന പോലെ, വാളയാർ താമരശ്ശേരി ചുരങ്ങളിറങ്ങി,
കടകൾ നിറയെ നല്ല വലുപ്പമുള്ളതും ഫുറഡാൻ, യൂറിയ എന്നിവയാൽ സമ്പന്നവുമായ കായക്കുലകൾ എപ്പോഴും തൂങ്ങി. ഒരു സ്വാദും ആർക്കും തോന്നിയില്ലെങ്കിലും ചരിത്രത്തോട് പകരം വീട്ടാൻ എല്ലാവരും മത്സരിച്ച് തിന്നു....
അന്നത്തെ വാഴപ്പിണ്ടിയും വാഴക്കൂമ്പും പഴയ മുഴുപ്പട്ടിണിയുടെ ഓർമ്മകളെ ഒപ്പം കൂട്ടുന്നതിനാൽ, ഇന്ന് കാണുമ്പോൾ കണ്ണു തിരിച്ചു കളയും. പക്ഷേ , അവ ലുലു മാളിൽ ഷെൽഫിൽ, വെളിച്ചത്തിൽ തിളങ്ങുകയും വേഗം തന്നെ ആരോ കവറിലാക്കുക ചെയ്തു. അത് നോക്കി മാളിൽ ചുറ്റിക്കറങ്ങിയ നമ്മൾ അന്യോന്യം നോക്കി അതിശയം പങ്കിട്ടു ചിരിച്ചു പോയി. അതൊരു വാർത്ത തന്നെയാക്കി അടുത്ത വീട്ടിലേക്ക് പകർന്നു.
ഉത്തമ പൗരന്മാർ
വാഴക്കുലയ്ക്കു ശേഷം, 1948 ലാണ് മലയപ്പുലയന്റെ തുടർക്കഥയായി, "രണ്ടിടങ്ങഴി " എന്ന നോവൽ തകഴി എഴുതുന്നത്. അതിലെ നായകൻ കുട്ടനാടൻ പുഞ്ചയിലെ പണിക്കാരനായ കോരനാണ്. അയാൾക്കും , താൻ രാപ്പകൽ അധ്വാനിച്ചുണ്ടാക്കിയ നെല്ലിൽ നിന്ന് ഒരു കറ്റ പോലും ഔസേപ്പ് ജന്മി എടുക്കാൻ സമ്മതിച്ചില്ല. കൃഷിഭൂമി അതിൽ പണിയുന്നവന് കിട്ടണം എന്നിടത്താണ് രണ്ടിടങ്ങഴി നിർത്തുന്നത്. എന്തായാലും അടിമത്തത്തിന്റെ നുകം പേറുന്ന പാടങ്ങളിലേക്ക് കോരന്റെ പിൻതലമുറയിൽ അധികം പേരും ചെന്നുപെട്ടിട്ടുണ്ടാകില്ല. അവർ നഗരങ്ങളിലേക്ക് പലവിധ തൊഴിലുകളിലേർപ്പെട്ട് സ്വാതന്ത്ര്യം നേടി. എങ്കിലും വർഷാവർഷം, നെല്ലറയുടെ കാർഷികപ്പെരുമക്കു വേണ്ടി വിതറിയ രാസവിഷങ്ങളിൽ തകഴിയുടെ നാട് മുങ്ങിക്കുളിച്ചപ്പോൾ ക്യാൻസർ ചികിത്സക്ക്, കാരുണ്യ ആരോഗ്യ സഹായത്തിന് കുട്ടനാടിന്റെ നേരവകാശികൾ തിരുവനന്തപുരത്ത് ആർ.സി.സിയിലും പഞ്ചായത്തിലെ അക്ഷയ സെൻ്ററിലും വീർപ്പടക്കി നിന്നു. അച്ഛനപ്പുപ്പന്മാർ ചേറ് കുത്തി തീർത്ത പാടവരമ്പിൽ നിന്ന്, കൂലിപ്പണിയായി നെല്ലിന് വിഷമരുന്നടിച്ചു ബോധംകെട്ട്, കോരന്റെ പിന്മുറക്കാരിൽ അപൂർവ്വം ചിലർ തൽക്ഷണം വീരമൃത്യു പൂകി!
നാരായൻ എഴുതിയ 'കൊച്ചരേത്തി' (1998) എന്ന നോവലിൽ തങ്കപ്പൻ എന്ന മലയരയൻ പയ്യൻ വിശന്നു വലഞ്ഞ സമയത്ത്, ആരോ കൊടുത്ത പനയുടെ തടി കൊണ്ടു വന്ന് , അതിന്റെ ഉള്ളിലെ ചോറ് എടുത്ത് ഇടിച്ചു പൊടിച്ച് അരിച്ചു കുറുക്കി പനങ്കുറുക്ക് ഉണ്ടാക്കുന്നുണ്ട്. അതിൻ്റെ കൂടെ കാട്ടുതാളിന്റെ കറിയുമുണ്ട്. അന്ന് അവന് കടയിൽ നിന്ന് എന്തെങ്കിലും വാങ്ങാൻ കാശൊന്നുമില്ല. മലനാട്ടിൽ ഇന്ന് ആദിവാസി ക്ഷേമ ബോർഡും സിവിൽ സപ്ലൈ പൊതുവിതരണ കേന്ദ്രവും ഉണ്ട്. പരിഷ്ക്കാരം വാഹനങ്ങളിൽ മല കയറിയപ്പോൾ പനങ്കുറുക്കും താളും പോഷക ശൂന്യമായ ദാരിദ്ര്യ ചിഹ്നങ്ങൾ ആയി. റാഗിയും തിനയും ചാമയും നട്ടു വളർത്തിയ വനമണ്ണും മനസ്സും മറവിയിൽ വരണ്ടു കിടന്നു. അവിടെ നവജാത ശിശുവും അമ്മയും വിളറി വെളുത്തപ്പോൾ അവർക്ക് ആശാ വർക്കർ വഴി അയൺ ഗുളിക നിർബ്ബന്ധമായി.
പണ്ട് ബ്രിട്ടീഷ് ഭരണത്തിൽ തിരുവിതാംകൂറിലെ ജാതി സെൻസസിൽ നായാടികളെപ്പറ്റി , 'അവർ അലഞ്ഞു തിരിയുന്നവരും പൊതു സമൂഹത്തിൻ്റെ ഭാഗമാകാത്തവരും' എന്ന് എഴുതിയിരിക്കുന്നു. 'ഇവരെക്കൊണ്ട് നമ്മുടെ സർക്കാരിന് ഒരു വരുമാനവുമില്ല' എന്നു പറഞ്ഞാണ് ഈ വിവരണം അവസാനിക്കുന്നത്. അതേ, ഒരു മനുഷ്യനായാൽ സർക്കാരിന് പ്രയോജനം വേണം. അതായത് പ്രത്യക്ഷമോ പരോക്ഷമോ ആയി നികുതി കൊടുക്കണം. അയാൾ കടയിൽ പോയി സാധനങ്ങൾ വാങ്ങി ട്രഷറിയിലേക്ക് വരുമാനം എത്തെണം. അത് ഭക്ഷണം, സ്വർണ്ണം , മദ്യം അങ്ങനെയൊക്കെയാകാം. എന്നാൽ വാഴപ്പിണ്ടി, കൊടപ്പൻ, റാഗി, തിന, എന്നിവ അവരവർ ഉണ്ടാക്കി കഴിച്ചാൽ സർക്കാരിന് എങ്ങനെയാണ് നികുതി കിട്ടുക ? അതുപോലെ പനങ്കുറുക്കും താളും പ്രകൃതിയിൽ നിന്നെടുത്തു വേവിച്ചു തിന്നാൽ സർക്കാരിനെന്താണ് അതിൽ നിന്ന് കിട്ടുക ? സർക്കാരിനും ജീവിക്കേണ്ടേ? പൗരന്മാരായാൽ സാധനങ്ങൾ വാങ്ങി പൗരധർമ്മം നിർവ്വഹിക്കേണ്ടേ? കുറഞ്ഞ പക്ഷം രോഗികളെങ്കിലുമാകണം. അതും ലക്ഷങ്ങൾ ചെലവു വരുന്ന മാരക രോഗങ്ങളായാൽ ഏറെ നന്ന്.
അതുകൊണ്ട് അവനവന്റെ വീട്ടിലെയും വെളിമ്പറമ്പിലെയും വിഭവങ്ങൾ നേരിട്ടെടുത്ത് ഉപയോഗിക്കുന്നത് ഉത്തമ പൗരനു ചേർന്ന പണിയല്ലാതായിട്ടുണ്ട്. പകരം എല്ലാവരും ആകാവുന്നത്ര പുറമേ നിന്നു വാങ്ങാൻ ,(അതും റെഡിമെയ്ഡ് ആയാൽ അത്യുത്തമം) കെല്പുള്ളവരാകണം. അതും ചെറുകിട കടയിൽ നിന്നെന്നതിനേക്കാൾ വലിയ മാളുകളിൽ നിന്നു വാങ്ങിയാൽ അത്രയും നല്ലത്. മാത്രമല്ല ചെറുകൃഷിക്കു പകരം ഏക്കറു കണക്കിന് തോട്ടവും അവിടെ എല്ലാവിധ വിഷപ്രയോഗങ്ങളും കൊണ്ട് വണ്ണം തിരണ്ട പഴങ്ങൾ ഉണ്ടാക്കണം. നാടൻ കോഴിക്കും മുട്ടക്കും പകരം ബ്രോയ്ലർ കോഴികൾ തന്നെ വേണം. അത് ദിവസവും എല്ലാവരും കഴിച്ചാൽ അത്രയും ഉപഭോഗവും ഉല്പാദനവും കൂടി, അതനുസരിച്ച് ആൻ്റിബയോട്ടിക് മരുന്നുകളും ആഴ്സെനിക്കും കലർത്തിയ കോഴിത്തീറ്റയുടെ ഉല്പാദനവും കൂടി , പൗരസമൂഹത്തിൽ അത്രയും രോഗങ്ങളും അത്രയും മരുന്നും ചികിത്സയും ഇൻഷുറൻസും എല്ലാം കൂടി രാജ്യത്തിൻ്റെ മൊത്തം അഭ്യന്തര ഉല്പാദനം വർദ്ധിക്കും. അങ്ങനെയാണ് അമേരിക്കയും ബ്രിട്ടനുമെല്ലാം സമ്പന്ന, വികസിത രാജ്യങ്ങളായത്. പുരോഗമിക്കാൻ ഇതല്ലാതെ വേറെ വഴിയില്ലെന്നാണ് സാമ്പത്തിക ശാസ്ത്രത്തിലും ചരിത്രത്തിലും അഗാധ പാണ്ഡിത്യമുള്ളവർ പറയുന്നത്.
അന്ന് താളും തകരയും തോട്ടിലെ സ്ഫടിക തുല്യമായ കുളിർ വെള്ളവുമെങ്കിലും വിശപ്പടക്കാൻ ഉണ്ടായിരുന്ന ലോകത്തെവിടെയുമുള്ള തൊലി കറുത്ത എല്ലാ മനുഷ്യർക്കും ഇന്ന് ഒന്നു വിരലമർത്തിയാൽ കോളയും ബർഗറും ബ്രോയ്ലറുമെല്ലാം , തീരെ തുച്ഛമായ വിലയ്ക്ക് , വാതിലിൽ വന്നു മുട്ടിവിളിക്കും. എന്നാൽ അവർക്ക് , അച്ഛനപ്പുപ്പന്മാർക്ക് കഴിക്കാൻ ഭാഗ്യമുണ്ടായിരുന്ന ധാന്യങ്ങളും നാട്ടുപഴങ്ങളും പച്ചക്കറികളും അടുത്തെവിടെയും വാങ്ങാൻ പോലും കിട്ടില്ല. വില കുറഞ്ഞതും, പോഷക ശൂന്യവും, ഫുഡ് സേഫ്റ്റി അതോറിറ്റി അംഗീകരിച്ചതും അല്ലാത്തതുമായ, വിഷച്ചേരുവകൾ കലർന്നതുമായ കമ്പനി ഭക്ഷണങ്ങൾ മാത്രം കിട്ടുന്ന "ഭക്ഷ്യ മരുഭൂമി" (Food Desert) കളിലാണ് മലയപ്പുലയനുമായി നേരിട്ടു തന്നെ മുൻജന്മ ബന്ധുക്കളായ അമേരിക്കയിലെ കറുത്തവർഗ്ഗക്കാർ ഇപ്പോൾ പാർക്കുന്നത്. ഈ വികസനക്കുരുക്കിൽ നിന്ന് രക്ഷയില്ലാത്തതിനാൽ ലോകത്തെ മുക്കാൽ ഭാഗം വരുന്ന എല്ലാ മനുഷ്യരും, നിലവിൽ അവശേഷിക്കുന്ന മുരിങ്ങയും തഴുതാമയുമെല്ലാം അവരവരുടെ തൊടിയിൽ നിന്ന് അപ്രത്യക്ഷമാക്കി ആഗോള ഭക്ഷണ വ്യവസായം തീർക്കുന്ന ഭക്ഷ്യ മരുഭൂമികളിൽ ചെന്നു ചേരും.
എന്നാൽ മറുവശത്ത് , പഴയ പ്രാദേശിക തമ്പുരാക്കന്മാരുടേതിനേക്കാൾ വക്രവും കണ്ണിൽ ചോരയില്ലാത്തതുമായ, ലോക ജനസംഖ്യയിൽ ഒരു ശതമാനം മാത്രം വരുന്ന ആഗോള മേലാളന്മാരുടെ പുതുരക്തം ജൈവ ഭക്ഷ്യവിഭവങ്ങളാണ് ആഹരിക്കുന്നത്. അതുകൊണ്ടാകണം 2030 ഓടെ ബ്രിട്ടൺ അവരുടെ രാജ്യത്ത് 25 % കൃഷിയും ജൈവമാക്കുന്നത്.
ചരിത്രം കീഴ്മേൽ മറിയുകയാണ്. പഞ്ചസാരയും പാക്കറ്റ് പാലും ഫാസ്റ്റ്ഫുഡും കഴിച്ച് കറുത്ത മനുഷ്യർ നിത്യരോഗ ദുരിതങ്ങളിൽ ഔദാര്യങ്ങൾക്ക് കാത്തിരിക്കുന്നു. മുരിങ്ങയില പൊടിച്ച് നല്ല ചില്ലുകുപ്പിയിലാക്കി തമ്പുരാന് കഴിക്കാൻ ഒട്ടും വിഷമേശാതെ കയറ്റുമതി ചെയ്യുന്ന , ബജറ്റിൽ പണം നീക്കിവെച്ചതും സൗജന്യമായി ഭൂമി വിട്ടുകൊടുത്തതുമായ ഫുഡ് പാർക്കിലാണ് ദിവസക്കൂലിക്ക് മലയപ്പുലയന്റെ മൂന്നാം തലമുറ പണിക്കു പോകുന്നത്.
സർട്ടിഫൈഡ് വേൾഡ്
മാർക്കറ്റിനെ ഒട്ടും ആശ്രയിക്കാത്ത എല്ലാ ജീവിതങ്ങളും അശാസ്ത്രീയവും അനാരോഗ്യകരവും അപരിഷ്കൃതവും പിച്ചത്തരവുമാണെന്നും, പകരം വില കൊടുത്ത് നികുതിയടച്ച് വാങ്ങുന്നതെല്ലാം സുരക്ഷിതവും പരിഷ്കൃതവും ശാസ്ത്രീയവുമെന്ന് വിദഗ്ധരാൽ സർട്ടിഫൈ ചെയ്ത് സർക്കാരും കോടതിയും അംഗീകരിച്ച ലോകത്താണ് നാം ജീവിക്കുന്നത്. അന്ന് ചങ്ങമ്പുഴ അവസാനിപ്പിച്ചതു പോലെ
"ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ? "
എന്നു ചോദിക്കാൻ പോലുമാകാത്ത വിധം ലുലു മാളിൽ അന്തം വിട്ടിരിക്കുകയാണല്ലോ എല്ലാവരും!