മലയാളം English

ജൈവകർഷക സമിതി ജില്ലാ വാർഷിക സമ്മേളനങ്ങൾക്ക് തിരശ്ശീല ഉയർന്നു

ജൈവകർഷക സമിതി ജില്ലാ വാർഷിക സമ്മേളനങ്ങൾക്ക് തിരശ്ശീല ഉയർന്നു

വികലമായ വികസനത്താൽ കേരളത്തിന്റെ പരിസ്ഥിതിയും ജനങ്ങളുടെ ആരോഗ്യവും ക്ഷയിക്കുന്നത് തടയുന്നതിന് മലപ്പുറം ജില്ലയെ സമ്പുർണ്ണ ജൈവകൃഷിയിലേക്കു മാറ്റാൻ  ആഹ്വാനം ചെയ്തു കൊണ്ട് കേരളാ ജൈവകർഷക സമിതിയുടെ ജില്ലാ വാർഷിക സമ്മേളനങ്ങൾക്ക് തിരൂരങ്ങാടിയിൽ തിരശ്ശീല ഉയർന്നു. "ജൈവകൃഷിയിലൂടെ ജൈവജീവിതം" എന്ന മുദ്രാവാക്യമുയർത്തി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും യൂണിറ്റുകൾ രൂപീകരിച്ച് മട്ടുപ്പാവുകൾ മുതൽ വയലുകൾ വരെ ഭക്ഷ്യ വിളകളാൽ സമ്പന്നമാക്കി സന്തുഷ്ടി കൈവരിക്കാനാണ് സമിതി ലക്ഷ്യമിടുന്നത്.ഇതിനായി കുടുംബ സദസ്സുകൾ, വിവിധ വിളകളുടെ പരിശീലന ക്ലാസുകൾ, നാട്ടു വൃക്ഷങ്ങളുടെ സംരക്ഷണത്തിന് തിരുവാതിര ഞാറ്റുവേലാചരണം, വയൽ രക്ഷാ ക്യാമ്പയിൻ എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ യോഗം ആസൂത്രണം ചെയ്തു. കർഷകരെയും പെഭോക്താക്കളെയും ചൂഷണം ചെയ്യുന്ന ബഹുരാഷ്ട്ര ഭക്ഷണക്കമ്പനികളുടെ വിഷഭക്ഷണത്തെ തടയുന്നതിന് നാടൻ ഭക്ഷ്യവിഭവങ്ങളുടെയും പാനിയങ്ങളുടെയും നാട്ടു മാമ്പഴങ്ങളുടെയും പ്രദർശനവും സമ്മേളനത്തിൽ ഒരുക്കിയിരുന്നു. പരപ്പനാട് വനിതാക്കൂട്ടായ്യയാണ് നാടൻ പാനിയങ്ങൾ കൊണ്ടുവന്നത്. തിരൂരങ്ങാടിയിലെ ഐസി ഡി എസ് വനിതാ സംഘം ചക്ക വിഭവ ആൾ പ്രദർശിപ്പിച്ചു. ഫിറോസ് കല്ലിടുമ്പ്, ചന്ദ്രൻ മാസ്റ്റർ, അബ്ദുൾ അസീസ് എന്നിവങ്ങനെ കർഷകർ ജൈവ വിഭവങ്ങളും വിത്തുകളുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നു ചേർന്നു.

താലൂക്കുകളിലെ മികച്ച ജൈവകർഷകരെ സമ്മേളനത്തിൽ ആദരിച്ചു. പൊന്നാനി താലൂക്കിൽ നിന്ന് എടപ്പാളിലെ അയൽ സ്ത്രീകളുടെ കൃഷിക്കൂട്ടം, തിരുർ താലൂക്കിൽ നിന്ന് അബ്ദുറഹ്മാൻ ഹാജി, തിരൂരങ്ങാടി താലൂക്കിലെ അബ്ദുൾ അസീസ് എന്നിവരെയാണ് ആദരിച്ചത്. ജൈവകർഷക സമിതി ജില്ലയിൽ നടത്തിയ മൂന്നാമത് ജൈവകൃഷി കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ നല്കി. പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി അശോക കുമാർ വി. സംഘടനാ രേഖ അവതരിപ്പിച്ചു. വിവിധ താലൂക്ക് പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. ഇ. ഇബ്രാഹിം ചർച്ച ക്രോഡീകരിച്ചു. വൈകിട്ട് തിരൂരങ്ങാടി നഗരസഭാ ചെയർപേഴ്സൺ കെ.വി.മുംതാസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു."എല്ലാ വീട്ടിലും അടുക്കളത്തോട്ടം" എന്ന വിഷയത്തിൽ കെ.ചന്ദ്രൻ മാസ്റ്റർ ക്ലാസെടുത്തു.ജില്ലാ പ്രസിഡൻറ് ഖദീജ നർഗീസ് അധ്യക്ഷം വഹിച്ചു. വിവിധ വാർഡ് കൗൺസിലർമാർ അതിഥികളായെത്തി. ജില്ലാ സെക്രട്ടറി ഒ.പി.വേലായുധൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ശിഹാബ് കഴുങ്ങിൽ സ്വഗതവും വി.പി ഗംഗാധരൻ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ: പ്രൊഫ. ഹാറൂൺ എം.(പ്രസിഡന്റ്), ഒ.പി.വേലായുധൻ (സെക്രട്ടറി) അജിത്ത് ആർ.(ട്രഷറർ) വൈസ് പ്രസിഡൻറ്: വി പി സൈതലവി, ഉമ്മർ നിലമ്പൂർ.ജോ. സെക്രട്ടറി : വി പി ഗംഗാധരൻ, ശിഹാബ് കഴുങ്ങിൽ. കൂടാതെ താലൂക്കുകളിലെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ അടങ്ങിയ 21 അംഗ കമ്മറ്റിയും രൂപീകരിച്ചു. ഹസൻ കുരുവമ്പലം, അഹമ്മദു മാസ്റ്റർ എന്നിവർ പ്രത്യേക ക്ഷണിതാക്കൾ.

രാവിലെ 11ന് തുടങ്ങിയ സമ്മേളനം വൈകിട്ട് 5.30ന് അവസാനിച്ചു.