മലയാളം English

കേരളാ ജൈവ കര്‍ഷക സമിതിക്ക് 'ഓര്‍ഗാനിക് മെഡല്‍ ഓഫ് ഓണര്‍' പുരസ്കാരം

കേരളാ ജൈവ കര്‍ഷക സമിതിക്ക് 'ഓര്‍ഗാനിക് മെഡല്‍ ഓഫ് ഓണര്‍' പുരസ്കാരം

IFOAM ASIA (ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍ മൂവ്മെന്‍റ്, ഏഷ്യ) യുടെ സഹകരണത്തോടെ ചൈനയിലെ    ഷിചോങ്ങ് കൗണ്ടി  (Xichong County)    മുനിസിപാലിറ്റി ജൈവകൃഷി മേഖലയിലെ പ്രവര്‍ത്തങ്ങള്‍ക്ക് നല്‍കുന്ന അന്തര്‍ദേശീയ പുരസ്കാരമായ 'ഓര്‍ഗാനിക് മെഡല്‍ ഓഫ് ഓണര്‍ - 2019'  കേരളാ ജൈവ കര്‍ഷക സമിതിക്ക് ലഭിച്ചു. കാര്‍ഷിക മേഖലയില്‍ പരിസ്ഥിതി കേന്ദ്രീകൃതവും സുസ്ഥിരവും നിര്‍മ്മാണാത്മകവുമായ സാമൂഹിക സാമ്പത്തിക മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സ്വയം പര്യാപ്തമായ സംഘടനാ സംവിധാനത്തിലൂടെ കഴിഞ്ഞ കാല്‍നൂറ്റാണ്ടിലധികമായി തുടരുന്നതിനാണ് ജൈവകര്‍ഷക സമിതിക്ക് അംഗീകാരം ലഭിച്ചത്. ജൈവകൃഷിക്കും വേണ്ടി വ്യക്തികളും പ്രസ്ഥാനങ്ങളും നടത്തുന്ന സേവനങ്ങള്‍ ആഗോളതലത്തില്‍ പരിചയപ്പെടുത്തുന്ന  അവാര്‍ഡ് ഈ വര്‍ഷം മുതലാണ് ആരംഭിച്ചത്. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി സംഘടനകളില്‍ നിന്നാണ് ജൈവകര്‍ഷക സമിതിയെ തെരഞ്ഞെടുത്തത്. സമിതിയോടൊപ്പം ദക്ഷിണ കൊറിയയിലെ യൂത്ത് കൊളാബോ ഫാം  എന്ന പ്രസ്ഥാനത്തിനും അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 5000 US ഡോളര്‍ (ഏകദേശം മൂന്നര ലക്ഷം രൂപ) ആണ് അവാര്‍ഡ് തുക. മെയ് 30 ന് ചൈനയിലെ സിച്ച്വാന്‍ പ്രൊവിന്‍സില്‍ വെച്ചു നടക്കുന്ന  ജൈവകൃഷിക്ക്   വേണ്ടിയുള്ള  ഷിചോങ്ങ്     ഇന്‍റര്‍നാഷണല്‍ ഓര്‍ഗാനിക് ഇന്നൊവേഷന്‍ സമ്മിറ്റില്‍  വെച്ചാണ് അവാര്‍ഡ് വിതരണം ചെയ്യുക.
ജൈവകൃഷിക്കു വേണ്ടി അന്തർദേശീയതലത്തിൽ പ്രവർത്തിക്കുന്ന സംഘടനയായ IFOAM ഓർഗാനിക്സ് ഇന്റർനാഷണലിന്റെ ഏഷ്യയിലെ 22 രാജ്യങ്ങളിലെ 270 ജൈവകർഷക സംഘടനകൾ അടങ്ങിയതാണ് IFOAM ASIA. ഇതിൽ നിന്നും തെരഞ്ഞെടുത്ത 11 സംഘടനകളിൽ നിന്നാണ് ഷിചോങ്ങ് കൗണ്ടിയുമായി സഹകരിച്ചു നൽകുന്ന ആദ്യ അവാർഡായ 'ഓര്‍ഗാനിക് മെഡല്‍ ഓഫ് ഓണര്‍' മറ്റൊരു പ്രസ്ഥാനത്തോടൊപ്പം ജൈവകർഷക സമിതിക്ക് ലഭിക്കുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ ജൈവകൃഷി പ്രചരണത്തിനു വേണ്ടി പ്രാദേശിക  സർക്കാരുകളുമായി സഹകരിച്ച് നിരവധി പരിപാടികൾ IFOAM ASIA നടത്താറുണ്ട്. ഇതിനു വേണ്ടി വിവിധ പ്രാദേശിക ഭരണസംവിധാനങ്ങളുടെ കൂട്ടായ്മയായ ALGOA (Asian Local Governments for organic Agriculture) രൂപീകരിച്ചിട്ടുണ്ട്. 
കേരളാ ജൈവകര്‍ഷക സമിതി, ദേശീയ സംഘടനയായ  ഓർഗാനിക് ഫാമിംഗ് അസ്സോസിയേഷൻ ഇന്ത്യയും (OFAI) IFOAM ഓർഗാനിക്സ് ഇന്റർനാഷണൽസും ചേർന്ന്   2017 ൽ ഡൽഹിയിൽ വെച്ചു നടത്തിയ ഓർഗാനിക് വേൾഡ് കോൺഗ്രസ്സിൽ കേരളത്തിൽ നിന്ന് 30 ജൈവ കർഷകരെ പങ്കെടുപിക്കുകയും തെരഞ്ഞെടുത്ത 11 പേർ തങ്ങളുടെ  കൃഷിരീതികൾ (Farmer presentation) അവിടെ പങ്കു വയ്ക്കുകയും ചെയ്തിരുന്നു. 
 ലോകരാജ്യങ്ങള്‍ ജൈവകര്‍ഷക സമിതിയുടെ പ്രവര്‍ത്തനങ്ങളുടെ മഹത്വം തിരിച്ചറിയുന്നുവെന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും സാമ്പ്രദായിക സംഘടനാ സംവിധാനങ്ങളില്‍ നിന്നും വ്യത്യസ്തമായി നിശ്ശബ്ദമായ നിര്‍മ്മാണാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്‍റെ പ്രാധാന്യം കൂടുതല്‍ ജനങ്ങളിലേക്ക് എത്തുന്നതിന് ഈ അംഗീകാരം ഗുണം ചെയ്യുമെന്നും സംഘടനയുടെ സംസ്ഥാന സെക്രട്ടറി ശ്രീ അശോകകുമാര്‍ വി പറഞ്ഞു.