മലയാളം English

സംസ്ഥാന ജൈവകര്‍ഷക സംഗമവും അര്‍ദ്ധവാര്‍ഷിക സമ്മേളനവും

സംസ്ഥാന ജൈവകര്‍ഷക സംഗമവും അര്‍ദ്ധവാര്‍ഷിക സമ്മേളനവും

കേരളാ ജൈവകര്‍ഷക സമിതി സംസ്ഥാന ജൈവകര്‍ഷക സംഗമവും അര്‍ദ്ധവാര്‍ഷിക സമ്മേളനവും ഡിസംബര്‍ 29,30 തീയതികളില്‍ വടകര മടപ്പള്ളി ഹയര്‍ സെക്കന്‍ററി സ്കൂളില്‍ വെച്ചു നടന്നു. ശ്രീ സി കെ നാണു എം എല്‍ എ ഉല്‍ഘാടനം ചെയ്ത ചടങ്ങില്‍ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീമതി പി വി കവിത അദ്ധ്യക്ഷത വഹിച്ചു. ഓര്‍ഗാനിക് ഫാമിംഗ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്‍റും കര്‍ണ്ണാകയിലെ ജൈവകര്‍ഷകയുമായ ശ്രീമതി സുജാത ഗോയെല്‍ മുഖ്യ പ്രഭാഷണം നടത്തി.  ജൈവകര്‍ക സമിതി സംസ്ഥാന സെക്രട്ടറി ശ്രീ അശോകകുമാര്‍ വി, സംസ്ഥാന പ്രസിഡന്‍റ്  ശ്രീ പി കൃഷ്ണന്‍, ശ്രീമതി മായാ ഗോയെല്‍, ജില്ലാ പ്രസി‍ഡന്‍റ്  ശ്രീ ടി കെ ജയപ്രകാശ്, ശ്രീ ടി ശ്രീനിവാസന്‍ ഹരിതാമൃതം എന്നിവര്‍ സംസാരിച്ചു. 

ഉല്‍ഘാടന പരിപാടിയില്‍ കോഴിക്കോട് ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത ഹരിത വിദ്യാലയങ്ങളെ ആദരിക്കുകയും കേരളാ ജൈവകര്‍ഷക സമിതി പ്രസിദ്ധീകരിച്ച നെല്‍വയലുകളെ കുറിച്ച് സമഗ്രമായി പ്രതിപാദിപ്പിക്കുന്ന വയല്‍രക്ഷാ കേരളരക്ഷാ എന്ന പുസ്തകപ്രകാശനവും നടന്നു.

ഉച്ചയ്ക്കു ശേഷം തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള വ്യത്യസ്ത വിളകള്‍ ജൈവകൃഷി ചെയ്യുന്ന 12 ഓളം ജൈവകര്‍ഷകര്‍ അവരുടെ അനുഭവം പങ്കുവെച്ചു. തുടര്‍ന്ന് ജൈവസര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് നടന്ന സെമിനാറില്‍  ഓര്‍ഗാനിക് ഫാമിംഗ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റായ ശ്രീ കെ പി ഇല്യാസ്, എറണാകുളം ജില്ലാ ജൈവകര്‍ഷക സമിതി സെക്രട്ടറി ശ്രീ ടി എ ബിജു എന്നിവര്‍ വിഷയം അവതരിപ്പിച്ചു. രാത്രി കളരിപ്പയറ്റ് , നാടന്‍പാട്ട് തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി. 

30ന് ‍ഞായറാഴ്ച ജൈവകര്‍ഷക സമിതിയുടെ അര്‍ദ്ധ വാര്‍ഷിക സമ്മേളനം നടന്നു. കഴിഞ്ഞ ആറുമാസത്തെ സമിതിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും  അടുത്ത ആറുമാസത്തേയ്ക്കുള്ള ഭാവി പരിപാടികളും സമ്മേളനത്തില്‍ തീരുമാനിക്കപ്പെട്ടു.

300 ലധികം പേര്‍ പങ്കെടുത്ത രണ്ടു ദിവസത്തെ പരിപാടിയില്‍ ജൈവകര്‍ഷകര്‍ സംഭാവന ചെയ്ത വിഭവങ്ങള്‍ കൊണ്ടായിരുന്നു ഭക്ഷണം ഒരുക്കിയത്. പരിപാടിയുടെ ഭാഗമായി വിവിധ തരം കിഴങ്ങു വര്‍ഗ്ഗങ്ങള്‍, നാടന്‍ നെല്‍വിത്തുകള്‍, ചെറുധാന്യങ്ങള്‍, മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍, തമിഴ്നാട്ടില്‍ നിന്നുള്ള നാടന്‍ പരുത്തിയിനങ്ങള്‍, വാഴകന്നുകള്‍, ജൈവകൃഷിയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വില്‍പനയും നടന്നു.