മലയാളം English

വയൽ രക്ഷാ ക്യാമ്പ്  എരയാംകുടിയിൽ

എറണാകുളം  ജില്ലാ വയൽ രക്ഷാ ക്യാമ്പ്  എരയാംകുടിയിൽ

കേരളത്തിലെ നെൽവയൽ സംരക്ഷണ സമര ചരിത്രത്തിൽ എരയാംകുടി നടത്തിയ ഇടപെടൽ  ഒഴിച്ചുകൂടാനാവാത്തതാണ്.  2007 ൽ ഇഷ്ടികക്കളങ്ങള്‍ നിര്‍ത്തലാക്കാന്‍ വേണ്ടി 13 ദിവസത്തെ റിലേ നിരാഹാരം ഉൾപ്പെടെ  104 ദിവസം  സമരം നടത്തിയ എരയാംകുടിയിലെ കര്‍ഷകര്‍, നമുക്ക് മുന്നേ വയൽ സംരക്ഷണത്തിൻ്റെ പാഠങ്ങൾ ജനങ്ങൾക്ക് പകർന്നു നൽകിയവരാണ്.
 തൃശ്ശൂർ ജില്ലയിലെ അന്നമനട പഞ്ചായത്തിലും എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിനുമിടയിൽ സ്ഥിതി ചെയ്യുന്ന, ഇഷ്ടികക്കളങ്ങളാക്കി മാറ്റിക്കൊണ്ടിരുന്ന 300 ഓളം ഏക്കർ വരുന്ന വയലുകൾ സംരക്ഷിക്കാനാണ് നാട്ടുകാർ സംഘടിച്ച് രംഗത്ത് വന്നത്. 2008 ൽ നെൽവയൽ നീർത്തട സംരക്ഷണ നിയമം സർക്കാർ കൊണ്ട് വരാനുള്ള ഒരു പ്രധാന  കാരണവും എരയാംകുടി സമരമായിരുന്നു.
2008 ലെ നിയമത്തിൻ്റെ കടയ്ക്കൽ കത്തി വെക്കുന്ന 2018 ലെ ഭേദഗതി നിയമം വന്ന അവസരത്തിൽ കേരളാ ജൈവ കർഷക സമിതി നടത്തി വരുന്ന "വയൽ രക്ഷ കേരള രക്ഷാ " കാംപയിനിൻ്റെ ഭാഗമായുള്ള ജില്ലാ തല, ഏകദിന വയൽ രക്ഷാ ക്യാമ്പ് എരയാം കൂടി സമരത്തിന്‍റെ  മുൻനിര പ്രവർത്തകയായിരുന്ന ശ്രീമതി ജയശ്രീ ടീച്ചറുടെ എളവൂരിലെ വീടും കൃഷിയിടവുമടങ്ങുന്ന 'ബിരാമിക'യിൽ വെച്ച് ജനു 20ന് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് നടക്കുകയാണ്. പരിപാടി ഉല്‍ഘാടനം ചെയ്യുന്നത് നാഷണല്‍ അലയന്‍സ് ഓഫ് പ്യൂപ്ള്‍ മൂവ്മെന്‍റിന്‍റെ സംസ്ഥാന കണ്‍വീനര്‍ ശ്രീമതി കുസുമം ജോസഫാണ്. നെല്‍വയലും നിയമങ്ങളും എന്ന വിഷയത്തില്‍ ശ്രീ എം മോഹന്‍ദാസ് കൊടകരയും വയലും പരിസ്ഥിതിയും എന്ന വിഷയത്തില്‍ ശ്രീ കെ പി ഇല്യാസും ക്ലാസുകള്‍ എടുക്കുന്നു.
ഏവരെയും ക്ഷണിക്കുന്നു.
ബന്ധങ്ങൾക്ക്..
ജില്ലാ സെക്രട്ടറി
ടി. എ. ബിജു 
 97467 89000
ജയശ്രീ ടീച്ചർ 9497020759