മലയാളം English
സംഘടനാ സംവിധാനം

കേരള ജൈവ കർഷക സമിതി

രജി നമ്പര്‍ : PKD/CA/471/13

ആമുഖം

ജൈവകൃഷി, പരിസ്ഥിതി, ആരോഗ്യം, സന്തുഷ്ടി എന്നീ വിഷയങ്ങളിൽ കഴിഞ്ഞ കാൽനൂറ്റാണ്ടിലധികമായി കേരളത്തിൽ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കേരളാ ജൈവ കര്‍ഷക സമിതി. പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന നൽകുന്ന ജൈവകൃഷിയിലേക്ക് കേരളത്തെ നയിച്ച് പ്രാദേശിക ഭക്ഷ്യോൽപാദനവും പ്രാദേശിക ഭക്ഷ്യോപഭോഗവും സാധ്യമാക്കി കര്‍ഷകര്‍ക്ക് ക്ഷേമവും ജനങ്ങള്‍ക്ക് ആരോഗ്യവും സമൂഹത്തിനാകെ സന്തുഷ്ടിയും കൈവരിക്കുകയാണ് സമിതിയുടെ പ്രധാന ലക്ഷ്യം. നിര്‍മ്മാണാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തി സുസ്ഥിര വികസനത്തിന് മാതൃകകള്‍ കാണിക്കുകയും പരിസ്ഥിതി നശിപ്പിക്കുന്ന വികസനത്തിനെതിരെ ആവശ്യമെങ്കിൽ സമരപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു.

രാസവളം, കീടനാശിനി, ഏകവിളകള്‍ എന്നിവയിലൂന്നിയ ആധുനിക കൃഷിരീതികളും അതേവിധത്തിലുള്ള വികല വികസനവും ഭൂമിയിൽ ജീവന്‍റെ നിലനിൽപിനെ അത്യന്തം അപകടത്തിലാക്കിക്കൊണ്ടിരിക്കുന്നു. അതിനാൽ മണ്ണ്, ജലം, വായു എന്നിവ ശുദ്ധമായി സംരക്ഷിക്കുവാനും സംശുദ്ധമായ ഭക്ഷണം ലഭ്യമാക്കുന്നതിനും വേണ്ടി സംസ്ഥാനതലത്തിലും പ്രാദേശിക തലത്തിലും വിവിധ പ്രവര്‍ത്തനങ്ങളാണ് കേരളാ ജൈവകര്‍ഷക സമിതി നടത്തുന്നത്.

1992 ലാണ് കേരളാ ജൈവകര്‍ഷക സമിതി രൂപീകൃതമാകുന്നത്. ഒരേ ഭൂമി ഒരേ ജീവന്‍ എന്ന പരിസ്ഥിതി സംഘടനയിലെ പ്രവര്‍ത്തകരാണ് ജൈവകൃഷി പ്രചരിപ്പിക്കുന്നതിന് ഒരു പ്രസ്ഥാനം വേണമെന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. കേരളത്തിൽ പരിസ്ഥിതി ബോധവൽക്കരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ശ്രീ ജോണ്‍സി ജേക്കബ്, പ്രകൃതി ജീവന ആശയങ്ങള്‍ക്ക് പ്രചാരം നൽകിയ ശ്രീ സി.ആര്‍.ആര്‍ വര്‍മ്മ, ജൈവകൃഷിയുടെ തത്വവും പ്രായോഗിക രൂപങ്ങളും പരിചയപ്പെടുത്തിയ ശ്രീ കെ.വി. ദയാൽ എന്നിവരുടെ മുന്‍കൈയ്യിലാണ് സമിതി രൂപീകരിച്ചത്.

സംഘടനാ സംവിധാനം

ജില്ലകളിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും സംസ്ഥാന തലത്തിൽ പരിപാടികള്‍ നടത്തുന്നതിന് വേണ്ടി സംസ്ഥാന സമിതിയും  ജില്ലകളിൽ പ്രവര്‍ത്തനങ്ങളെ മുന്നോട്ട് കൊണ്ടു പോകുന്നതിന് വേണ്ടി ജില്ലാ സമിതികളും പ്രാദേശികമായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വേണ്ടി താലൂക്ക്, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ സമിതികളും ചേര്‍ന്നതാണ് സമിതിയുടെ സംഘടനാ സംവിധാനം.

അംഗത്വം

ജൈവകൃഷി, പരിസ്ഥിതി, ആരോഗ്യം മുതലായ നിലനിൽപിന്‍റെ അടിസ്ഥാന മേഖലകളിൽ പ്രവര്‍ത്തിക്കുന്നവരോ, പ്രകൃതി സൗഹൃദ ബദല്‍ ജീവിതം പിന്തുടരുന്നവരോ, ഇത്തരം വിഷയങ്ങളില്‍ തൽപരരോ ആയ ഏതൊരാള്‍ക്കും സംഘടനയിൽ അംഗം ആകാവുന്നതാണ്. അംഗത്വമെടുക്കാന്‍ താൽപര്യമുള്ളവര്‍ക്ക് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍/ താലൂക്ക്/ ജില്ലാ സമിതികളുമായി ബന്ധപ്പെട്ട് അംഗമാകാം. പ്രവേശന ഫീസ് 50 രൂപയും വാര്‍ഷിക വരിസംഖ്യ 100 രൂപയുമാണ് ഇപ്പോള്‍.

പ്രാദേശിക സമിതികളുടെ രൂപീകരണം

ജൈവകര്‍ഷക സമിതിയുടെ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ സമിതികള്‍ ഇല്ലാത്ത സ്ഥലങ്ങളിൽ പ്രാദേശിക സമിതികള്‍ രൂപീകരിക്കാന്‍ താൽപര്യമുള്ളവര്‍ ജില്ലാ സമിതിയുമായോ താലൂക്ക് സമിതിയുമായോ ബന്ധപ്പെട്ട് ആദ്യം അംഗത്വം എടുക്കണം. ജില്ലാ സമിതിയുടെയും സംസ്ഥാന സമിതിയുടെയും അറിവോടും സമ്മതത്തോടും കൂടി മാത്രമേ പ്രാദേശിക സമിതികള്‍ രൂപീകരിക്കാന്‍ പാടുള്ളൂ. പത്ത് അംഗങ്ങളെങ്കിലും ഉള്ള പഞ്ചായത്തുകളിൽ യൂണിറ്റ് രൂപീകരിക്കാവുന്നതാണ്.