കേരളാ ജൈവകര്‍ഷക സമിതി നടത്തി വരുന്ന പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍
ജൈവകൃഷി കോഴ്സ്
ഇരുപത് വിഷയങ്ങള്‍ ഇരുപത് ദിവസങ്ങളിലായി പകര്‍ന്നു നൽകുന്ന
ജൈവകൃഷി കോഴ്സിൽ തുടക്കക്കാര്‍ക്കും
ജൈവകൃഷി നിലവിൽ ചെയ്തു വരുന്നവര്‍ക്കും പങ്കെടുക്കാം.
ജൈവകൃഷിയുടെ അടിസ്ഥാന തത്വങ്ങള്‍, എല്ലാവിധ വിളകളും
ജൈവരീതിയി കൃഷി ചെയ്യുന്ന വിധം,
ജൈവ വളക്കൂട്ടുകളുടെയും ജൈവ കീടവിരട്ടികളുടെയും നിര്‍മ്മാണം,
മണ്ണ് ജൈവസമ്പുഷ്ടമാക്കാനുള്ള വിദ്യകള്‍, ജലസംരക്ഷണം,
കന്നുകാലി വളര്‍ത്തൽ , വിത്ത് ശേഖരണവും സംരക്ഷണവും,
കൃഷി ആദായകരമാക്കാനുള്ള വഴികള്‍, കാര്‍ഷികോ പന്നങ്ങളുടെ
പുതിയ വിപണന രീതികള്‍, നല്ല ഭക്ഷണം കൊണ്ടുള്ള ആരോഗ്യരക്ഷ
തുടങ്ങിയവ ചിട്ടയായും പ്രായോഗികമായും പഠിപ്പിക്കുന്നു. വ്യത്യസ്ത
ജൈവകൃഷിയിടങ്ങളിൽ വെച്ച് നടക്കുന്ന ഈ കോഴ്സിൽ ദീര്‍ഘകാലത്തെ
അനുഭവ സമ്പത്തും അറിവും നേടിയവരാണ് ക്ലാസ്സുകള്‍ നയിക്കുന്നത്.
കുടുംബ സദസ്സ്
വീടിനും നാടിനും ഒരേ പോലെ വിഷവിമുക്ത ഭക്ഷണം ഉൽപാദിപ്പിക്കാന്
കുടുംബങ്ങളെ സജ്ജരാക്കുക എന്നതാണ് കുടുംബ സദസ്സു
കൊണ്ട് ഉദ്ദേശിക്കുന്നത്. വീട് വിഷരഹിതമാക്കുക,
കുടുംബ സന്തുഷ്ടിക്ക് ജൈവകൃഷി തുടങ്ങിയവയാണ്
കുടുംബ സംഗമത്തിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.
ആധുനിക ഭക്ഷ്യ സംസ്കാരത്തിലൂടെ മനുഷ്യ ശരീരത്തിലേക്കെത്തുന്ന
മാരകമായ വിഷപദാര്ത്ഥങ്ങളെക്കുറിച്ചുള്ള അറിവുകള്‍ നൽകുന്നതോടൊപ്പം
വീട്ടാവശ്യത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ കുറഞ്ഞ സ്ഥലത്ത് സ്വയം
നിര്‍മ്മിക്കാനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നൽകുകയും ചെയ്യുന്നു. ജൈവകര്‍ഷക സമിതിയംഗങ്ങളുടെ കുടുംബങ്ങളിലെ മറ്റു അംഗങ്ങളെയും കൂടി പങ്കെടുപ്പിച്ചു കൊണ്ടാണ് കുടുംബ സദസ്സുകള്‍ നടത്തുന്നത്.
നാട്ടുചന്ത
ജൈവകര്‍ഷകര്‍ ഉൽപാദിപ്പിക്കുന്ന ഉല്പന്നങ്ങള് ന്യായവിലയ്ക്ക് വിൽക്കുവാനും
ജനങ്ങള്‍ക്ക് വിഷരഹിത ഭക്ഷണം ലഭ്യമാക്കുവാനുമാണ് പ്രാദേശികമായി
ചന്തകള്‍ സംഘടിപ്പിക്കുന്നത്. ചന്തയിൽ കര്‍ഷകര്‍ക്ക് നേരിട്ട് അവരുടെ
ഉൽപന്നങ്ങള് വിൽക്കുവാന് സാധിക്കുന്നു. ജൈവകൃഷിയാണെന്ന്
സമിതിയംഗങ്ങള്‍ക്ക് ബോധ്യമുള്ള കര്‍ഷകരുടെ ഉല്പന്നങ്ങള് മാത്രമേ
നാട്ടുചന്തയി വിൽക്കാനനുവദിക്കൂ. നെൽകര്‍ഷകരെ
സഹായിക്കുവാനും നാട്ടരിയുടെ പ്രാധാന്യം ബോധ്യപ്പെടുത്താനും
നാട്ടരിമമേളകളും സംഘടിപ്പിക്കാറുണ്ട്.
നാടന്‍വിത്ത് സംരക്ഷണം
വ്യത്യസ്ത ഗുണങ്ങളുള്ളതും രോഗപ്രതിരോധശേഷി താരതമ്യേന കൂടിയതും
കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യവുമായ നാടന്‍
വിത്തുകള്‍ സമിതിയംഗങ്ങളുടെ കൃഷിയിടങ്ങളിൽ സംരക്ഷിക്കുന്നു.
ജൈവകര്‍ഷക സംഗമങ്ങളിൽ വെച്ച് വിത്തുകള്‍ പരസ്പരം കൈമാറുന്നു.
നാടന്‍വിത്തുകള്‍ സംരക്ഷിക്കുന്ന മറ്റു ജൈവകര്‍ഷക
കൂട്ടായ്മകളുമായി സഹകരിച്ച് വിത്തുൽസവങ്ങളും നാടന്‍ ഭക്ഷ്യമേളകളും പോലെയുള്ള പരിപാടികള്‍
സംഘടിപ്പിക്കുന്നു. ഇത്തരം പരിപാടികളിൽ വിവിധ തരം, നെൽവിത്തുകള്‍,
കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പച്ചക്കറി വിത്തുകള്‍,
ചെറുധാന്യങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുകയും
വിത്തിന്റെ ഗുണങ്ങള്‍ മനസ്സിലാക്കി കൊടുക്കുന്ന ക്ലാസ്സുകള്‍
സംഘടിപ്പിക്കുകയും ചെയ്യുന്നു.
വയൽരക്ഷാ സംഗമം
'വയൽരക്ഷാ കേരളരക്ഷാ' എന്ന മുദ്രാവാക്യമുയര്‍ത്തി, കേരളത്തിലെ നെൽവയൽ
നികത്തുന്ന പ്രവണതക്കെതിരെ ബോധവൽക്കരണ പരിപാടികളും സമരങ്ങളും
സംഘടിപ്പിക്കുന്നു. നെല്‍കൃഷി കുറയുന്നത് കൊണ്ടാണ് നെല്‍വയലുകള്‍ ഇല്ലാതാകുന്നത്. അതിനാല്‍ സമിതിയുടെ പ്രവര്‍ത്തകര്‍ തരിശ് കിടക്കുന്ന
പാടങ്ങള്‍ ഏറ്റെടുത്ത് പ്രാദേശിക സഹകരണത്തോടു കൂടി നെൽകൃഷി ചെയ്യുന്നു.
വയലിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന് വേണ്ടി നടീൽ ഉൽസവങ്ങളും
കൊയ്ത്തുൽസവങ്ങളും സംഘടിപ്പിക്കുന്നു. വയല്‍സംരക്ഷണ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്കാന് കഴിവുള്ളവരെ സൃഷ്ടിക്കുന്നതിന് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും പരിശീലകര്‍ക്കുള്ള പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.
വയൽ നികത്തലിനെതിരെ
പ്രാദേശികമായി സമരം സംഘടിപ്പിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം നല്കി അവരുടെ സമരത്തോടൊപ്പം ചേരുന്നു.
2008ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം പൂര്‍വ്വാധികം ശക്തിയോടു കൂടി നടപ്പിലാക്കണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെട്ട് മറ്റു പരിസ്ഥിതി
സംഘടനകളുമായി യോജിച്ച് സംസ്ഥാന തലത്തിൽ സമര
പരിപാടികള്‍ സംഘടിപ്പിക്കുന്നു.
ജൈവജീവിത സന്ദേശ ജാഥ
ജൈവജീവിത സന്ദേശം പ്രചരിപ്പിക്കുന്നതിനു വേണ്ടി
സംസ്ഥാന തലത്തിലോ ജില്ലാ തലത്തിലോ ജൈവ ജീവിത പ്രചരണജാഥകള്‍
സംഘടിപ്പിക്കുന്നു. ഈ ജാഥയിൽ വിവിധ തരം നാടന്‍ നെൽവിത്തുകള്‍,
കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പച്ചക്കറി വിത്തുകള്‍
തുടങ്ങിയവയും ജൈവകൃഷി, ആരോഗ്യ ബോധവൽക്കരണ
പോസ്റ്ററുകളും വിവിധ സ്ഥലങ്ങളിൽ പ്രദര്‍ശിപ്പിക്കുന്നു.
തെരുവുകളിൽ ജൈവകൃഷി ബോധവൽക്കരണ ക്ലാസ്സുകള്‍ നടത്തുന്നു.
ജാഥയിൽ ജൈവകൃഷി, പരിസ്ഥിതി, ആരോഗ്യം തുടങ്ങിയ വിഷയങ്ങളടങ്ങിയ
ലഘു പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും ഈ വിഷയങ്ങളുമായി
ബന്ധപ്പെട്ട ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു.
ജാഥാ സ്വീകരണ കേന്ദ്രങ്ങളിൽ പ്രാദേശിക സഹകരണത്തോടു കൂടി
കൃഷിയധിഷ്ഠിതമായ കലാ-സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നു.
ശാസ്ത്രീയ പഠനങ്ങള്‍
ആധുനിക വ്യാവസായിക കാര്‍ഷികരീതികള്‍ മണ്ണിനും പരിസ്ഥിതിക്കും
ഉണ്ടാക്കിയ അപകടങ്ങളെ കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയും
അത് ജനങ്ങള്‍ക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ശാസ്ത്രത്തിന്റെ പേരിൽ ഭക്ഷ്യ കാര്‍ഷിക മേഖലയിൽ നടക്കുന്ന തട്ടിപ്പുകളെ
തുറന്നു കാട്ടുന്നു. കാര്‍ഷിക സംവാദങ്ങളിൽ പങ്കെടുത്ത് ജൈവകൃഷിയുടെ
ശാസ്ത്രീയാടിത്തറ വ്യക്തമാക്കുന്നു. മറ്റു ജൈവകൃഷി പ്രസ്ഥാനങ്ങളോട്
സഹകരിച്ച് കര്‍ഷകരുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടു
കൂടി നാടന്‍ നെല്‍ വിത്തുകളുടെ സ്വഭാവസവിശേഷതാ
പഠനങ്ങള്‍ നടത്തുന്നു. ഒറീസ്സയിലെ കാര്‍ഷിക ശാസ്ത്രജ്ഞനായ
ഡോ: ദെബൽ ദേബിന്റെ സഹായത്തോടു കൂടി നാടന്‍ വിത്തുകളുടെ
പോഷകഗുണങ്ങള്‍ പരിശോധിക്കുന്നു.
ഗവേഷണ തൽപരരായ വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ
സഹകരിച്ച് വിവിധതരത്തിലുള്ള മറ്റു പഠനങ്ങളും നടത്തുന്നു.
പഠനയാത്രകള്‍
ജൈവകൃഷി, ജലസംരക്ഷണം, ജൈവവൈവിധ്യം
തുടങ്ങിയ കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടുന്നതിനു
വേണ്ടി മാതൃകാ കൃഷിയിടങ്ങളും,
വനവും, മറ്റു ജൈവ കാര്‍ഷിക ആവാസവ്യവസ്ഥകളും
നേരിട്ട് സന്ദര്‍ശിച്ച് മനസ്സിലാക്കുന്നു.
കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള വിവിധ
സ്ഥലങ്ങളിലേക്കാണ് പഠനയാത്രകള്‍ സംഘടിപ്പിക്കാറുള്ളത്. കേരളത്തിനകത്തും പുറത്തും നടക്കുന്ന ദേശീയ, അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ സമിതിയംഗങ്ങള്‍ പങ്കെടുത്ത് കൂടുതല്‍ അറിവുകള്‍ സമ്പാദിക്കുകയും പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കുകയും തങ്ങളുടെ ജൈവകൃഷിയിടങ്ങളെ കുറിച്ചുള്ള അനുഭവങ്ങള്‍ അവിടെ പങ്കു വയ്ക്കുകയും ചെയ്യുന്നു.
ജി എം വിളകള്‍ക്കെതിരെയുള്ള സമരങ്ങള്‍
ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ക്കെതിരെ സമര പരിപാടികള്‍ സംഘടിപ്പിക്കുന്നു. വിപണിയിലെ ജനിതകമാറ്റം വരുത്തിയ ഭക്ഷണത്തെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നു. ദേശീയതലത്തില്‍ ജി എം വിളകള്‍ക്കെതിരെ നടക്കുന്ന സമരങ്ങളില്‍ മറ്റു കര്ഷകപ്രസ്ഥാനങ്ങള്കൊപ്പം അണിചേരുന്നു. തങ്ങളുടെ ചുറ്റുപാടില്‍ ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ ആരും തന്നെ ഉപയോഗിക്കുന്നില്ലായെന്ന് ഉറപ്പു വരുത്തുന്നു. വിത്തിന് വേണ്ടിയുള്ള പരാശ്രയം ഒഴിവാക്കുവാന്‍ പരമാവധി നാടന്‍ വിത്തുകള്‍ പ്രചരിപ്പിക്കുകയും അത് മറ്റുള്ള കര്‍ഷകര്‍ക്കും കൂടി കൈമാറുകയും ചെയ്യുന്നു.