മലയാളം English

കർഷകദിനവുമായി ബന്ധപ്പെട്ട് എടപ്പാളിൽ ജൈവ വിപണന സ്റ്റാൾ

സർക്കാരിന്‍റെ  ചിങ്ങം ഒന്നിലെ കർഷക ദിനവുമായി ബന്ധപ്പെട്ടു എടപ്പാളില്‍ നടന്ന കാർഷിക പ്രദർശന വിപണന മേളയിൽ ഒരുക്കപ്പെട്ട കേരളാ ജൈവകർഷക സമിതിയുടെ സ്റ്റാൾ ശ്രദ്ധേയമായി. ആഗസ്ത് 12 മുതൽ 16 വരെയായിരുന്നു സ്റ്റാൾ. മലപ്പുറം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിലാണ് സ്റ്റാൾ സംഘടിപ്പിച്ചത്. 

കേരളാ ജൈവകർഷകസമിതിയുടെ പ്രവർത്തനങ്ങൾ, ജൈവ കൃഷി, വയൽ രക്ഷ, ജൈവജീവിതം, കാർഷികോപകരണങ്ങൾ, കാർഷികവിളകൾ, പശുപരിപാലനം, ജൈവവളക്കൂട്ടുകൾ-കീടവിരട്ടികൾ എന്നിവ തയ്യാറാക്കൽ തുടങ്ങിയവയെ സംബന്ധിച്ച പോസ്റ്ററുകളും രചനകളും പ്രദർശിപ്പിച്ചു.  സമിതിയുടെ പ്രവർത്തകരായ ജൈവ കർഷകർ ഉല്പാദിപ്പിച്ച  കാർഷിക ഉൽപന്നങ്ങളായ വിവിധയിനം അരികൾ, അവിൽ, കൂവപ്പൊടി, മഞ്ഞൾപൊടി, കുരുമുളക് പൊടി, വാഴപ്പഴം, ശർക്കര, പ്രകൃതി കാപ്പി, ടൂത്ത് പൗഡർ എന്നിവയും വിവിധ തരം നാടൻ പച്ചക്കറി വിത്തുകളും വില്പനയ്ക്കായി സ്റ്റാളിൽ ഒരുക്കിയിരുന്നു.
   കൂടാതെ 125 തരം നാടൻ നെൽവിത്തുകളും,  ചെറുധാന്യങ്ങളുടെ വിത്തുകളും പ്രദർശിപ്പിച്ചത് ആളുകൾക്ക് കൗതുകമായി. അപൂർവ്വ ഇനം നെൽവിത്തുകളുടെ ശേഖരം സന്ദർശകർക്ക് നല്ലൊരു കാഴ്ച്ചയായിരുന്നു.

 ജൈവകർഷക സമിതി സംസ്ഥാന വൈസ് പ്രസിഡന്‍റ്  ശ്രീ ചന്ദ്രൻ മാസ്റ്റർ, ശ്രീ. ടി പി മുഹമ്മദ്, ശ്രീ എ എസ് ബാവ മാറാക്കര, ശ്രീമതി രമണി ടീച്ചർ, ശ്രീ നാരായണൻ മാസ്റ്റർ മാറാക്കര, പൊന്നാനി നല്ല ഭക്ഷ പ്രസ്ഥാനം പ്രവർത്തകർ എന്നിവര്‍ ഉല്‍പാദിപ്പിച്ച ജൈവ ഉൽപന്നങ്ങളുടെ വിപണനം നടന്നു.

സ്റ്റാളുകൾ ക്രമീകരിക്കുന്നതിനും വില്പനയ്ക്കും കേരളാ ജൈവ കർഷക സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അശോക് കുമാർ.വി,  സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ ചന്ദ്രൻ മാസ്റ്റർ, മലപ്പുറം ജില്ലാ സെക്രട്ടറി ശ്രീ. ഓ പി .വേലായുധൻ, പൊന്നാനി താലൂക്ക് സമിതി പ്രസിഡന്റ് ശ്രീമതി.കോമളവല്ലി ടീച്ചർ, പൊന്നാനി താലൂക്ക് സമിതി സെക്രട്ടറി ശ്രീ.മുരളി മേലേപ്പാട്ട്,  ജോയിന്റ് സെക്രട്ടറി ശ്രീ.വി.പി.ഗംഗാധരൻ, ട്രഷറർ ശ്രീ കേശവദാസ്, പൊന്നാനി താലൂക്ക് സമിതിയംഗം ശ്രീ ഇബ്രാഹിം മാസ്റ്റർ, തിരൂർ താലൂക്ക് സമിതി അംഗങ്ങളായ ശ്രീ ടി പി സലീം, അബ്ദുൾ റഷീദ്, സൈനുദ്ദീൻ, ഷിഹാബ് കഴുങ്ങിൽ എന്നിവർ നേതൃത്വം കൊടുത്തു. കൂടാതെ പെരിന്തൽമണ്ണ, തിരൂരങ്ങാടി, തിരൂർ, പൊന്നാനി താലൂക്ക് സമിതിയിലെ മറ്റംഗങ്ങളും വിവിധ ദിവസങ്ങളിൽ വളന്റിയർമാരായി സഹകരിച്ചു. മലപ്പുറം ജില്ലയിലെ വിവിധ താലൂക്കു സമിതികൾ സ്റ്റാളിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. 


ശക്തമായ മഴമൂലമുണ്ടായ പ്രകൃതി ദുരന്തങ്ങളെ തുടർന്ന് സർക്കാരിന്റെ മുൻ നിശ്ചയിച്ച ഔദ്യോഗിക ആഘോഷപരിപാടികളും 16.08.18 തീയതിയിലെ സെമിനാറും റദ്ദാക്കിയെങ്കിലും പ്രദർശനം മാത്രം നടത്തുകയായിരുന്നു. കേരളാ ജൈവകർഷക സമിതിയുടെ സ്റ്റാൾ 15.08.18 വൈകുന്നേരം ഏഴ് മണി വരെ പ്രവർത്തിച്ചു. നിരവധി ആളുകൾ നാലു ദിവസങ്ങളിലായി നമ്മുടെ സ്റ്റാൾ സന്ദർശിക്കുകയും ജൈവ ഉൽപന്നങ്ങൾ വിലയ്ക്കു വാങ്ങിക്കുകയുമുണ്ടായി.