മലയാളം English

കീടനാശിനി ദുരന്തങ്ങൾ തടയാൻ ജൈവ നെൽകൃഷി ചലഞ്ച്

കീടനാശിനി ദുരന്തങ്ങൾ തടയാൻ ജൈവ നെൽകൃഷി ചലഞ്ച്

രാസവിഷങ്ങൾ തളിച്ചുള്ള മരണങ്ങൾക്ക് അറുതി വരുത്താനും മാരക രോഗങ്ങളിൽ നിന്നു മലയാളികളെ കരകയറ്റാനുമായി കേരളാ ജൈവകർഷക സമിതി 'ജൈവ നെൽകൃഷി ചലഞ്ച് ക്യാമ്പയിൻ' ആരംഭിക്കുന്നു. തിരുവല്ലയിലെ അപ്പർകുട്ടനാട്ടിലെ പെരിങ്ങരയിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ പാടശേഖരത്തിൽ നിന്നാണ് ഫെബ്രുവരിയിൽ ജൈവ നെൽകൃഷി ചലഞ്ച് തുടങ്ങുക.
യാതൊരു വിഷപ്രയോഗവും കൂടാതെ നെൽ കൃഷി ഉൾപ്പെടെ എല്ലാ വിളകളിലും മികച്ച വിളവുണ്ടാക്കുന്ന കേരളാ ജൈവകർഷക സമിതിയുടെ അംഗങ്ങൾ കേരളത്തിലെ എല്ലാ ജില്ലകളിലുമുണ്ട്. തികച്ചും പരിസ്ഥിതി സൗഹൃദവും സമൂഹത്തിന് ദോഷമുണ്ടാക്കാത്തതുമായ ഈ കൃഷി രീതികൾ അവലംബിക്കേണ്ട കാലം കേരളത്തിൽ അതിക്രമിച്ചു കഴിഞ്ഞിട്ടും ഇപ്പോഴും കൃഷിവകുപ്പ് ജൈവകൃഷിയിലെ ഈ വിജയഗാഥകളെ അവഗണിക്കുകയാണ്. അവർ കീടപ്രതിരോധത്തിന് രാസവിഷങ്ങളെ തന്നെ ശുപാർശ ചെയ്യുന്നു. ഇത്തരം വിഷങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകളെപ്പറ്റിയുള്ള വിവരങ്ങൾ 5 %  കൃഷിക്കാരിൽ പോലും എത്തുന്നില്ലെന്ന് കാർഷിക സർവ്വകലാശാലയുടെ പഠനങ്ങൾ ഉണ്ട്.
   ഒരു വർഷം കുറഞ്ഞത് 465.05 മെട്രിക് ടൺ രാസകീടനാശിനികളാണ് കേരളത്തിൽ ഉപയോഗിക്കുന്നത്.ഏറ്റവും കൂടുതൽ വിഷം പ്രയോഗിക്കുന്ന കുട്ടനാടൻ മേഖലയിൽ തന്നെയാണ് കാൻസർ കേസുകൾ പെരുകുന്നതും.ഇത്തരം മാരക വിഷങ്ങൾ കുട്ടനാടൻ പ്രദേശത്ത് പ്രത്യേകിച്ചും, മറ്റു സ്ഥലങ്ങളിൽ പൊതുവെയും വരുത്തുന്ന പ്രത്യാഘാതങ്ങളെപ്പറ്റി സമഗ്ര പഠനത്തിന്ന് സർക്കാർ ഉടൻ തയ്യാറാകണം. ഇപ്പോൾ തന്നെ രണ്ടു പേരുടെ ജീവനെടുത്ത 'വിരാട്' എന്ന വിഷത്തിലെ ക്യൂനാല്‍ഫോസ് പല രാജ്യങ്ങളിലും നിരോധിച്ചതാണ്. അതിലെ മറ്റൊരു ചേരുവയായ സൈപർമെത്രിൻ കാൻസർകാരിയാണ്. തളിച്ച ശേഷം ഇതിന്റെ വിഷവീര്യം 84 ദിവസത്തോളം അന്തരീക്ഷത്തിൽ ഉണ്ടാകും. ഇത്തരം വിഷങ്ങളുടെ വരുംവരായ്കകൾ അറിയാത്ത കൃഷിക്കാർക്ക് ഇവ ലഭ്യമാക്കാതിരിക്കാനുള്ള അടിയന്തിര നടപടികളാണ് കൃഷിവകുപ്പ് സ്വീകരിക്കേണ്ടത്. ജൈവകൃഷി പ്രോത്സാഹനമെന്ന പേരിൽ രാസവിഷങ്ങൾ ശുപാർശ ചെയ്യുന്ന വികലമായ കാർഷിക നയത്തിൽ നിന്ന് ഉദ്യോഗസ്ഥർ പിൻതിരിയണം. പകരം ശരിയായ ജൈവ കൃഷിരീതികൾ ജൈവകർഷകരിൽ നിന്നും മനസ്സിലാക്കി അവ കൃഷിക്കാരിലേക്ക് എത്തിക്കുകയാണു വേണ്ടത്. കാർഷിക സർവ്വകലാശാലയിലെ ഗവേഷണങ്ങളും ജൈവ രീതികളിലേക്ക് തിരിച്ചുവിടേണ്ടതാണ്.
പത്ര സമ്മേളനത്തില്‍ ജൈവകര്‍ഷക സമിതി സംസ്ഥാന സെക്രട്ടറി ശ്രീ അശോകകുമാര്‍ വി, സംസ്ഥാന വൈസ് പ്രസിഡന്‍റ് ശ്രീ ചന്ദ്രന്‍ മാസ്റ്റര്‍, മലപ്പുറം ജില്ലാ  ഭാരവാഹികളായ ശ്രീ മുരളി മേലപ്പാട്ട്, ഡോ ഇ ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.