മലയാളം English

കേരളാ ജൈവകർഷക സമിതി സംസ്ഥാനതല പ്രതിനിധി സമ്മേളനം

കേരളാ ജൈവകർഷക സമിതി സംസ്ഥാനതല പ്രതിനിധി സമ്മേളനം 2018 ജൂൺ 30, ജൂലൈ 1 തീയതികളില്‍ മലപ്പുറം തിരൂർ ജെ.എം.ഹയർ സെക്കന്‍ററി സ്കൂളിൽ വെച്ച് നടന്നു.

ജൂൺ 30 ന് മൂന്നു മണിക്ക് ചേര്‍ന്ന സമ്മേളനം തിരൂർ എം.എൽ.എ. ശ്രീ സി.മമ്മുട്ടി ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ സംരക്ഷിക്കുന്നത് കർഷകരാണെന്നും അതിനാൽ കർഷകരെയാണ് സംരക്ഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജൈവകൃഷി ചെയ്യുന്നവരാണ് യഥാര്‍ത്ഥ പ്രകൃതി സ്നേഹികൾ. കേരളാ ജൈവകർഷക സമിതിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

ആശംസകൾ അർപ്പിച്ച് തിരൂർ മൂനിസിപ്പൽ ചെയർമാൻ ശ്രീ കെ ബാവ, മുൻ കൗൻസിലർ ശ്രീ വി. പി ഉമ്മർ സാഹിബ്, സ്വാഗതസംഘം ചെയർമാൻ ശ്രീ റസാഖ് ഹാജി ജെ. എം സകൂൾ പി.ടി.എ പ്രസിഡന്‍റ് ശ്രീ ബാവുട്ടി ഹാജി, സെക്രട്ടറി ശ്രീ വി.പി സെയ്തലവി, ജോ സെക്രട്ടറി ശ്രീ അഷ്റഫ് എന്നിവർ സംസാരിച്ചു. മലപ്പുറം ജില്ലാ പ്രസിഡന്‍റ് ശ്രീമതി ഖദീജാ നർഗ്ഗീസ് നന്ദി പ്രകടിപ്പിച്ചു.

ഉൽഘാടന സമ്മേളനത്തിനു ശേഷം പ്രതിനിധി സമ്മേളനം ആരംഭിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീ ജോര്‍ജ്ജ് മുല്ലക്കര സ്വാഗതം പറഞ്ഞ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.രണ്ട് വർഷത്തെ സമിതിയുടെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അവതരിപിച്ചു. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും സമിതി നടത്തിയ പ്രവർത്തനങ്ങൾ അതിന്റെ അന്തസത്ത ഉയർത്തിപിടിച്ചുള്ള വളരെവിശദമായ ഒരു റിപ്പോർട്ടാണ് സംസ്ഥാന സമിതിക്ക് വേണ്ടി സെക്രട്ടറി അവതരിപ്പിച്ചത്.ജൈവകർഷക സമിതിയുടെ എല്ലാ മേഖലയിലുള്ള ഇടപെടലുകളും പരിപാടികളും റിപ്പോർട്ടിൽ വന്നിട്ടുണ്ടായിരുന്നു.റിപ്പോർട്ടവതരണത്തിന് ശേഷം സംസ്ഥാന ട്രഷറർ ബി സതീഷ് കുമാർ കണക്കുകൾ അവതരിപ്പിക്കുകയുണ്ടായി.

റിപ്പോര്‍ട്ടിനു ശേഷം ജില്ല തിരി‍ഞ്ഞ് ഗ്രൂപ്പ് ചര്‍ച്ചകള്‍ നടന്നു. ജില്ലാ സെക്രട്ടറിയാര്‍ ചര്‍ച്ചകള്‍ ക്രോഡീകരിച്ചു അവതരിപ്പിച്ചു.

ജൂലൈ 1 ന് കാലത്ത് 9 മണിക്ക് പരിചയപ്പെടുത്തലായിരുന്നു. ജില്ലാ സെക്രട്ടറിമാർ ജില്ലയിൽ നിന്നും പങ്കെടുത്തവരെ പരിചയപ്പെടുത്തി.

10 മണിക്ക് ഭാവി പരിപാടികളുടെ രേഖാവതരണമായിരുന്നു. സംസ്ഥാന ജോയിന്‍റ്  സെക്രട്ടറി ശ്രീ കെ. പി ഇല്യാസ് സംസ്ഥാന സമിതിക്ക് വേണ്ടി ഭാവി പരിപാടികളുടെ നിർദ്ദേശ രേഖ അവതരിപ്പിച്ചു.സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്‍റെ   പ്രാധാന്യവും താലൂക്ക് പഞ്ചായത്ത് തലത്തിൽ സമിതി രൂപീകരിക്കേണ്ട ആവശ്യകതയും രേഖയിൽ സൂചിപ്പിക്കുകയുണ്ടായി. സംഘടനാ രേഖാ അവതരണത്തിനു ശേഷം സംസ്ഥാന സമിതിക്ക് വേണ്ടി നെൽവയൽ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിക്കപ്പെട്ടു. പ്രമേയം ഐകകണ്ഡേന പാസ്സാക്കി.

പുതിയ ഭാരവാഹികൾ

പ്രസിഡന്‍റ്: പി കൃഷ്ണൻ അഭയം

സെക്രട്ടറി: അശോകകുമാർ വി

വൈസ്  പ്രസിഡന്‍റ്  : കെ. ചന്ദ്രൻ മാസ്റ്റർ

വൈസ് പ്രസിഡന്‍റ്  : സി.എസ് ഷാജി

ജോയിന്‍റ്  സെക്രട്ടറി: ജോര്‍ജ് മുല്ലക്കര

ജോയിന്‍റ്  സെക്രട്ടറി: കെ.പി ഇല്യാസ്

ഖജാന്‍ജി  : സതീഷ് കുമാർ ബി

സമ്മേളനം 2 മണിക്ക് അവസാനിച്ചു.