മലയാളം English

കിഴങ്ങുവിളകള്‍ സംരക്ഷിക്കാന്‍ ജൈവകര്‍ഷക സമിതി

കിഴങ്ങുവിളകള്‍ സംരക്ഷിക്കാന്‍ ജൈവകര്‍ഷക സമിതി

പരിഷ്ക്കാരത്തിന്‍റെ പകിട്ടിൽ ഭക്ഷണത്തിൽ നിന്ന് പിൻവാങ്ങേണ്ടി വന്ന പലയിനം കിഴങ്ങുവിളകളുടെ പരിപാലനകേന്ദ്രമാക്കി ഒരു പ്രദേശത്തെ മാറ്റി ജനങ്ങളുടെ ആരോഗ്യരക്ഷ ഉറപ്പുവരുത്തുന്ന 'പുനർജ്ജനി 'പദ്ധതിയുടെ നടത്തിപ്പ് പൂർണ്ണമായും ജൈവകർഷക സമിതിയെ ഏൽപ്പിക്കുകയാണ് മാറഞ്ചേരി ഗ്രാമപഞ്ചായത്ത്. പല പദ്ധതികളും അവയുടെ ലക്ഷ്യം കാണാതെ ഫണ്ടു ചെലവഴിക്കൽ മാത്രമായി പോകുന്നത് തടയണമെങ്കിൽ അവ ആത്മാർത്ഥതയോടെ ഏറ്റെടുത്തു നടത്താൻ പറ്റിയ ജനകീയ പിന്തുണ ആവശ്യമാണെന്നും കേരളാ ജൈവകർഷക സമിതിയെ ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതലയേൽപ്പിച്ചാൽ അതു ലക്ഷ്യം കാണുക തന്നെ ചെയ്യുമെന്നും മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.സിന്ധു വിശ്വാസം പ്രകടിപ്പിച്ചു.
അന്യം നിന്നു പോകുന്ന വ്യത്യസ്തയിനം കിഴങ്ങുകൾ സംരക്ഷിച്ച് അവയുടെ വിത്തുകൾ ആർക്കും ലഭ്യമാക്കാനും കൃഷി ചെയ്യാനും അതുവഴി ഭക്ഷണത്തിന്റെ നാട്ടുവൈവിധ്യത്തെ തിരിച്ചുപിടിക്കാനും സമിതി അംഗങ്ങളായ 10 ജൈവകർഷകർ മാറഞ്ചേരി യൂണിറ്റ് കൺവീനർ ഇ. ഇബ്രാഹിമിന്റെ നേതൃത്വത്തിൽ തയ്യാറായിക്കഴിഞ്ഞു. കിഴങ്ങുവൈവിധ്യ സംരക്ഷകനായ ശ്രീ.പി.ജെ മാനുവൽ 30 ഓളം കിഴങ്ങിനങ്ങൾ പദ്ധതിയുടെ ഭാഗമായി നൽകുകയും ചെയ്തു. ഇതു സംബന്ധിച്ച് നടന്ന പഞ്ചായത്തിന്റെയും സമിതിയുടെയും സംയുക്ത യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.സിന്ധു, പ്രോഗ്രാം കോ-ഓഡിനേറ്ററും സമിതി അംഗവുമായ ഡോ.റിയാസ്, കൃഷി ഓഫീസർ, സമിതി സംസ്ഥാന വൈ. പ്രസിഡന്റ് ചന്ദ്രൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറി അശോക കുമാർ വി.യൂണിറ്റ് കൺവീനർ ഇ.ഇബ്രാഹിം, മറ്റ് അംഗങ്ങളും പങ്കെടുത്തു.
സമിതി ഏറ്റുവാങ്ങിയ വിത്തുകൾ വിളവെടുപ്പിനു ശേഷം അതേ അളവിൽ തിരിച്ചു കൊടുക്കുകയും കിഴങ്ങുത്സവം സംഘടിപ്പിക്കുകയും ചെയ്യും.
മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിലെ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളാ ജൈവകർഷക സമിതിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന കിഴങ്ങുവൈവിധ്യ സംരക്ഷണം ജനക്ഷേമത്തിന്റെ നവീന മാതൃക എന്ന നിലയിൽ മാത്രമല്ല ജനപങ്കാളിത്തത്തിന്റെ പുത്തൻ ശൈലി കൊണ്ടും വ്യത്യസ്തമാകുന്നു.