മലയാളം English

നാടിന് ഉത്സവമായി ഞാറു നടീൽ

നാടിന് ഉത്സവമായി ഞാറു നടീൽ

കേരള ജൈവ കർഷക സമിതി വടകര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൈവ നെൽ കൃഷി നടത്തുന്നതിന്റെ ഭാഗമായി ഞാറ് നടീൽ ഉത്സവം ആയഞ്ചേരി കാര്യാട്ട് താഴ വയലിൽ നടന്നു. താലൂക്കിലെ വേളം, പുറമേരി, ആയഞ്ചേരി, ഏറാമല, തൂണേരി, വെള്ളികുളങ്ങര, അഴിയൂർ, കൈവേലി, വില്യാപ്പള്ളി, തിരുവള്ളൂർ, ചെരണ്ടത്തൂർ, വളയം പ്രദേശങ്ങളിലായി മുപ്പത് ഏക്കറോളം ജൈവ നെൽകൃഷി നടത്തുന്നുണ്ട്. ഇതിൽ വയൽ കൃഷിയും കര കൃഷിയും ഉൾപ്പെടും. ഓരോ വർഷവും കൃഷിഭൂമിയുടെ വിസ്തൃതി കൂടിവരുന്നുണ്ട്. കൊയ്യാള, ചെന്നെല്ല്, ചിറ്റേനി, അടുക്കൻ, ഉമ, നവര, രക്തശാലി, ചുവന്ന കുറുവ തുടങ്ങിയ ഇനം നെല്ലുകൾ ആണ് കൃഷിചെയ്തുവരുന്നത്. വളമായി ഘന ജീവാമൃതം, ജീവാമൃതം എന്നിവ ഉപയോഗിക്കുന്നു.
ഞാറു നടീൽ ഉത്സവം ജൈവ കർഷക സമിതി ജില്ലാ നിർവാഹക സമിതി അംഗം ശാന്ത തൂണേരി ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി ടി.കെ.ജയപ്രകാശ് അധ്യക്ഷം വഹിച്ചു. ജില്ലാ നിർവാഹകസമിതി അംഗം വടയക്കണ്ടി നാരായണൻ, ഡോ.പി. ഗിരീഷ് കുമാർ, എം.പി.ശശിധരൻ, കണ്ണച്ചാം കണ്ടി കുഞ്ഞബ്ദുള്ള, കെ.രാധാകൃഷ്ണൻ, കെ. അശോകൻ, പൂത്തോളിക്കണ്ടി രാജൻ, പി.പി. സുരേഷ് ബാബു സംസാരിച്ചു.
വാർഡ് മെമ്പർ സി.വി.കുഞ്ഞിരാമൻ പിന്നീട് വയലിലെത്തി ആശംസകൾ അറിയിച്ചു.
ജൈവ നെൽകൃഷി നടത്താൻ തയ്യാറുള്ള കർഷകർക്ക് സമിതി സഹായങ്ങൾ നൽകും. ബന്ധപ്പെടേണ്ട ഫോൺ നമ്പർ:9744889053