മലയാളം English

നെല്‍വയല്‍ സംരക്ഷണ കണ്‍വെന്‍ഷന്‍ 12ന്

2008ലെ നെല്‍വയല്‍ നീര്‍ത്തട നിയമം ഭേദഗതി ചെയ്ത സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ പ്രതിഷേധിച്ച് പരിസ്ഥിതി പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷന്‍ ആഗസ്ത് 12 ന് തൃശ്ശൂര്‍ അയ്യന്തോള്‍ കോസ്റ്റ് ഫോര്‍ഡില്‍ വെച്ച് നടക്കുന്നു. ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം, കേരളാ ജൈവകര്‍ഷക സമിതി, തണല്‍ തുടങ്ങിയ വിവിധ പരിസ്ഥിതി ജൈവ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലാണ് ജനകീയ കണ്‍വെന്‍ഷന്‍ നടക്കുന്നത്. നിയമത്തിലെ ജനവിരുദ്ധ നിലപാടുകള്‍ തള്ളികളയുക, യുദ്ധകാലാടിസ്ഥാനത്തില്‍ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുക.നെല്‍വയല്‍ സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കുക, അവശേഷിക്കുന്ന നെല്‍വയലുകളെ പാഡി റിസര്‍വുകളായി പ്രഖ്യാപിക്കുക. തരിശ് നിലങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക, നെല്‍കൃഷി തല്‍പരരായി വരുന്ന യുവജനങ്ങളെ പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.