മലയാളം English

നെൽവയൽ സംരക്ഷണ നിയമത്തിൽ വെള്ളം ചേർക്കരുത്

കേരളാ ജൈവ കർഷക സമിതിയുടെ സംസ്ഥാന സമിതി യോഗത്തിൽ 2008- ലെ നെല്‍വയല്‍ തണ്ണീര്‍തട നിയമം ഭേദഗതി ചെയ്യാനുള്ള സർക്കാർ നീക്കത്തിനെ പ്രതിഷേധം രേഖപ്പെടുത്തി. കുടിവെള്ളവും വരള്‍ച്ചയും അതിരൂക്ഷമായികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരിഞ്ചു തണ്ണീര്‍തടവും നെല്‍പ്പാടവും നശിപ്പിക്കുവാന്‍ പാടുള്ളതല്ല.

നെൽകൃഷി ചെയ്യുവാൻ മറ്റു മേഖലകളിൽ തൊഴിൽ ചെയ്യുന്നവരും ചെറുപ്പക്കാരും തയ്യാറായി വരുന്ന സാഹചര്യത്തിൽ നെൽവയലുകളിൽ കൃഷി അപ്രാപ്യമാക്കുന്ന തരത്തിലുള്ള ഭേദഗതികളാണ് സർക്കാർ കൊണ്ടു വരുന്നത്.

ജൈവരീതിയിലുള്ള നെൽകൃഷി ലാഭകരമാണെന്ന് വെള്ളാങ്ങല്ലൂരിലും പൊന്നാനിയിലും ആറങ്ങോട്ടുകരയിലും തിരുനെല്ലിയിലും പയ്യന്നൂരിലുമൊക്കെയുള്ള ജൈവകർഷകർ തെളിയിച്ചു കൊണ്ടിരിക്കുന്നു. നാട്ടരികളുടെ സാന്നിധ്യം മലയാളികളുടെ ഭക്ഷണത്തിൽ തിരിച്ചു വന്നുകൊണ്ടിരിക്കുന്നു. നെൽകൃഷിക്ക് കൂടുതൽ പ്രോൽസാഹനങ്ങളും പരിഗണനകളും നൽകുന്നതിന് പകരം നെൽവയലുകൾ മുഴുവൻ തൂർക്കാനാണ് ഈ ഭേദഗതി ഉപകരിക്കുക.

ഇതിനെതിരെ പ്രതിഷേധം അറിയിച്ചു കൊണ്ട് ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ വയൽരക്ഷാ സംഗമവും നാട്ടരിമേളയും കേരളാ ജൈവ കർഷക സമിതിയുടെ നേതൃത്വത്തിൽ നടത്തുവാൻ തീരുമാനിച്ചു.

ശ്രീ അഭയം കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സംസ്ഥാന സെക്രട്ടറി ശ്രീ ജോർജ്ജ് മുല്ലക്കര സ്വാഗതം പറഞ്ഞു.

യോഗത്തിൽ സംസ്ഥാന സമിതിയംഗങ്ങളായ കെ. പി ഇല്യാസ്, സി. എസ്. ഷാജി, അശോകകുമാർ വി, സതീഷൻ കെ എ, കെ. വി. ശ്രീജ, എലിസബത്ത് ജോസഫ്, എം ബ്രഹ്മദത്തൻ തുടങ്ങിയവർ പങ്കെടുത്തു.