തിരുവല്ലയിൽ അപ്പർകുട്ടനാട്ടിലെ പെരിങ്ങരയിൽ രാസവിഷമേറ്റ് 2 പേർ മരണപ്പെട്ടതിൽ കേരളാ ജൈവകർഷക സമിതി അനുശോചിച്ചു.
ദുരന്തങ്ങളുണ്ടാക്കുന്ന രാസവിഷങ്ങളുപയോഗിക്കാതെ തന്നെ നെൽകൃഷി വിജയകരമായി ചെയ്യുന്ന കേരളാ ജൈവകർഷക സമിതി അംഗങ്ങൾ കൃഷി വകുപ്പിലെ രാസവിഷക്കാരെ ഇനിയും ക്ഷണിക്കുകയാണ്. യാതൊരു വിഷവുമില്ലാതെ, മനുഷ്യനും പ്രകൃതിക്കും ദുരിതങ്ങൾ സമ്മാനിക്കാതെ ഞങ്ങൾ ചെയ്യുന്ന കൃഷിയെ അംഗീകരിക്കുക. അത് കർഷകർക്ക് ഉപദേശിക്കുക. ഈ നാടിനെ രക്ഷിക്കുക. അതല്ല, വീണ്ടും രാസവിഷങ്ങൾ ഒഴുക്കുന്നതിന് നിങ്ങൾ കണ്ണടച്ചു കൂട്ടുനിൽക്കുകയാണെങ്കിൽ, നിങ്ങളെ ഞങ്ങൾ വെല്ലുവിളിക്കുന്നു, ഞങ്ങളുടെ പാടങ്ങൾ നിങ്ങൾക്കു മറുപടി തരുന്നതാണ്. ശാസ്ത്രത്തിന്റെ വക്താക്കൾ എന്നവകാശപ്പെടുന്നവർ ഈ വെല്ലുവിളി ഏറ്റെടുക്കുക. നിങ്ങൾ കാണിക്കുന്ന പാടത്ത്, ജൈവരീതിയിൽ തന്നെ വിഷം പൂശാതെ നല്ല വിളവ് ഞങ്ങളുണ്ടാക്കാം.ഒരേക്കറിലല്ല എത്രയേക്കറിലും ഞങ്ങൾ റെഡി. തയ്യാറുണ്ടോ?വെറും വാചകമടികൾ നിർത്തി മണ്ണിനെയും മനുഷ്യനെയും രക്ഷിക്കാൻ കൃഷി വകുപ്പ് മാറിയേ തീരു.
നിലവിൽ കേരളം തൂടർന്നു വരുന്ന കാർഷിക നയത്തിന്റെ രക്തസാക്ഷികളാണ് കഴിഞ്ഞ ദിവസം പാടത്ത് രാസവിഷം തളിച്ച് മരണപ്പെട്ട രണ്ടു പേർ.
കൃഷിയിടങ്ങളിലെത്തി വിഷം വിൽക്കുന്ന വിഷ നിർമ്മാണക്കമ്പനികളെ നിയന്ത്രിക്കാനുള്ള യാതൊരു സംവിധാനവും ഇവിടെയില്ല. ഏതു വിഷവും വിഷ വില്പനശാലയോ കമ്പനിയോ പറയുന്ന അളവിൽ കൃഷിക്കാർ പ്രയോഗിക്കുന്നു. അവരെ കമ്പനികളുടെ ഇരകളാക്കാൻ കൃഷി വകുപ്പ് തള്ളിവിട്ടിരിക്കുകയാണ്.
വിഷവില്പന കുറയ്ക്കാനോ മാരകവിഷങ്ങളെ കർക്കശമായി തടയാനോ യാതൊന്നും ആത്മാർത്ഥമായി കൃഷി വകുപ്പ് ചെയ്യുന്നേയില്ല. 'ഇപ്പോൾ എല്ലാം ജൈവമാക്കും' എന്ന പടക്കമടിച്ച് അപ്പപ്പോൾ കൈയടി നേടുന്ന തന്ത്രത്തിലേ അധികാരികൾ പലരും മിടുക്കു കാട്ടുന്നുള്ളൂ. കൃഷിവകുപ്പിലെ ഉന്നതോദ്യോഗസ്ഥരിൽ ഏറെപ്പേരും വിഷമരുന്നു കമ്പനികളുടെ ഒത്താശക്കാരാണ്. രാസവിഷങ്ങളില്ലെങ്കിൽ കൃഷി നശിച്ചുപോകും എന്ന പച്ചക്കള്ളം, വിഷക്കമ്പനികളുടെ ബ്രാന്റ് അംബാസഡർമാരായി വിളമ്പുന്നവരാണവർ.
കേരളത്തിൽ, ജൈവകൃഷിയെന്ന പേരിൽ രാസകൃഷിയെ ഒളിച്ചു കടത്തുന്ന ചതിയാണ് കൃഷിവകുപ്പിലെ ചില ഉന്നതർ ഏറ്റെടുത്തിരിക്കുന്നത്. വിഷം തളിച്ചാലും, അത് ജൈവകൃഷി തന്നെയെന്ന് അവർ കൃഷിക്കാരെ പറഞ്ഞു പഠിപ്പിച്ച് ജൈവകൃഷിക്ക് അടിയോടെ തുരങ്കം വെച്ചു കൊണ്ടിരിക്കുന്നു. ഈ തട്ടിപ്പ് ലോകത്ത് കേരളാ കൃഷിവകുപ്പിനു മാത്രം അവകാശപ്പെട്ടതാണ്.
കുറച്ചു നാൾ മുമ്പുവരെ പച്ചക്കറികൾ പരിശോധിച്ച് അതിലെ വിഷാംശം കാർഷിക സർവ്വകലാശാലയിൽ നിന്ന് പൊതുജനങ്ങളുടെ അറിവിലേക്കായി പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തുന്ന സദ്കർമ്മം തുടങ്ങിയിരുന്നു. അങ്ങനെ ജനങ്ങളെ പേടിപ്പിക്കേണ്ടെന്നും, 'ഇവിടെയെല്ലാർക്കും സുഖം തന്നെ 'യെന്നും വരുത്തി തീർത്താൽ മതിയെന്നും ചിലർക്ക് തോന്നിയപ്പോൾ അത്തരം അപകട മുന്നറിയിപ്പും നിർത്തലാക്കി.
വിഷപ്രയോഗത്തിനു മനുഷ്യമുഖം നൽകുക, ജൈവകൃഷിയെ വികൃതമാക്കുക, ജൈവ മേഖലയിലെ വിജയഗാഥകളെ മറച്ചു വെയ്ക്കുക, വിഷ വില്പനക്കുമേൽ യാതൊരു നിയന്ത്രണവും എടുക്കാതിരിക്കുക, ശാസ്ത്രീയം എന്ന പേരിൽ കള്ളത്തരങ്ങൾ പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങൾ കൃഷി വകുപ്പിനെ നയിക്കുന്ന ചിലർ ആസൂത്രിതമായി നടപ്പിലാക്കുന്നതിന്റെ പ്രത്യക്ഷ ഇരകളാണ് അപ്പർകുട്ടനാട്ടിലെ രണ്ടു മനുഷ്യർ.
പുറ്റിങ്ങൽ വെടിക്കെട്ടപകടം അന്വേഷിച്ചതു പോലെ ഈ ദുരന്തത്തിലും അന്വേഷണം വേണം. കുറ്റവാളികളെ പുറത്തു കൊണ്ടുവരണം. അവർ വിചാരണ ചെയ്യപ്പെടണം. ഇത്തരം ദുരന്തങ്ങൾക്ക് തടയിടാൻ കർക്കശ വ്യവസ്ഥകൾ പ്രായോഗികമാക്കണം. എന്നാൽ വെടിക്കെട്ടപകടം അവിടം കൊണ്ടു തീർന്നെങ്കിൽ, രാസവിഷ ദുരന്തം 2 മരണങ്ങളിൽ തീരുന്നതല്ല, മൂന്നു പേർ ജീവനു വേണ്ടി ആശുപത്രിയിൽ ഉണ്ട്. അവരുടെ ഭാവി സുഖപ്രദമാകട്ടെ എന്ന് ആഗ്രഹിക്കാം. എന്നാൽ എത്ര sൺ വിഷമാണ് കുട്ടനാടൻ പാടങ്ങളിൽ വർഷാവർഷം വീഴ്ത്തുന്നത്? അത് തളിക്കുന്നവരുടെ ആരോഗ്യസ്ഥിതി എങ്ങനെ? എത്ര പേർക്ക് കാൻസർ? വെള്ളത്തിൽ കലർന്ന വിഷം എങ്ങോട്ടൊക്കെ ഒഴുകിയെത്തി, എവിടം വരെ കുടിവെള്ളത്തിൽ കലർന്നു? അവിടങ്ങളിലെ ജീവജാതികളെ എത്രമാത്രം ഈ വിഷപ്രയോഗം കൊന്നൊടുക്കി? എന്തുകൊണ്ട് കുട്ടനാട് കാൻസറിന്റെ കേളീരംഗമായി വിരാജിക്കുന്നു? 'കുട്ടനാട്ടിൽ ഞങ്ങൾ കാൻസർ പരിശോധനാ കേന്ദ്രം തരും' എന്നു മന്ത്രിയുടെ വാഗ്ദാനമാണോ ശരിയായ പരിഹാരം? കൃഷിയിലെ പിഎച്ഡി കിട്ടാൻ എന്താണ് ഈ വക വിഷയങ്ങൾ ഗവേഷണത്തിൽ ഇതേ വരെ വരാത്തത്? അല്ലെങ്കിൽ ഇത്തരം അന്വേഷണ റിപ്പോർട്ടുകൾ ഇല്ലാത്തത്? അവിടുത്തെ എം.പി വർഷങ്ങൾക്കു മുമ്പ് പാർലമെന്റിൽ കുട്ടനാട്ടിലെ കാൻസർ വിഷയം ഉന്നയിച്ചിരുന്നതും പഠനം വേണമെന്നു പറഞ്ഞതും ആരെങ്കിലും ഓർക്കുന്നുണ്ടോ? പാലക്കാട് മുതലമടയിലെ മാവിൻ തോട്ടങ്ങളിലെ വിഷമടി ആ പ്രദേശത്തെ മറ്റൊരു എൻഡോസൾഫാൻ മോഡൽ ദുരന്തമേഖലയാക്കുന്നതും ആരാണ് തടയേണ്ടത്?
സാക്ഷര മലയാളമേ, ഇനിയും വിഷപ്രഹരത്താൽ ഇഞ്ചിഞ്ചായി മരിക്കാൻ, പരിസ്ഥിതിയും ആരോഗ്യവും തകർക്കാൻ തന്നെയാണോ ജീവിക്കുന്നത്? എന്നാണ് നമ്മൾ ഈ കൊടും ചതിയന്മാരെ പമ്പ കടത്തുന്നത്? ശാസ്ത്ര വിജ്ഞാനമെന്ന ലേബലിൽ കുറച്ചു പേർ നമ്മെ പറ്റിക്കുന്ന രാസ വിഷപ്രയോഗത്തിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ സംഘടിക്കുക, ശബ്ദമുയർത്തുക.
അശോക കുമാർ വി.
സെക്രട്ടറി
കേരളാ ജൈവകർഷകസമിതി