മലയാളം English

രോഹിണി ഞാറ്റുവേലയിലെ കൃഷിപണികള്

റാഫി. സി. പനങ്ങാട്ടൂർ എഴുതുന്നു...

*രോഹിണി ഞാറ്റുവേല*

ഇടവം 10 രാത്രി മുതൽ 24 രാത്രി വരെ.
മെയ് 24 മുതൽ ജൂൺ 7 വരെ

വേനൽ മൂത്ത് മഴക്കാലം ആകുന്ന ഒരു അത്ഭുത പ്രതിഭാസം നടക്കുന്ന സമയമാണിത്. കാലാവസ്ഥ പെട്ടെന്ന് മാറുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിലേക്ക് കയറി വരുന്ന സമയമാണ്.

ശരീരം രോഗാതുരമാകാൻ എളുപ്പമാണ്. ആയതിനാൽ കാലാവസ്ഥാമാറ്റം മുൻകൂട്ടിക്കണ്ട് വേണ്ട പ്രതിരോധങ്ങൾ സ്വീകരിച്ചാൽ പ്രയാസമില്ലാതെ മഴക്കാലത്തേക്ക് പ്രവേശിക്കാം.മഴക്കാലം തുടങ്ങുന്നതിനു മുന്നേ കിണറുകൾ ചളികോരി വൃത്തിയാക്കണം. വൃത്തിയാക്കിയ ഉടൻ നല്ല ഒരു തുണിക്കഷണത്തിൽ കുറച്ച് നൂറ് (ചുണ്ണാമ്പ്) കിഴികെട്ടി കിണറ്റിൽ ഇടണം.രണ്ടുമൂന്ന് ചിരട്ട കത്തിച്ച് അതിന്റെ കരി കിണറ്റിൽ ഇടണം.
പുതുതായി ഉറവയെടുത്ത് വരുന്ന ജലം ശുദ്ധീകരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. കരി, രുചിയും മണവുമുള്ള പദാർത്ഥങ്ങളെ നന്നായി വലിച്ചെടുക്കും.

കൊതുകുകൾ വർധിക്കുന്ന സമയമാണ്, കൊതുകുകൾ പെരുകാനിടയാക്കുന്ന സാഹചര്യങ്ങൾ നീക്കം ചെയ്യണം. അനുയോജ്യമായ പുകക്കൂട്ടുകൾ ഉണ്ടാക്കി വൈകുന്നേരങ്ങളിൽ വീട്ടുവരാന്തയിൽ പുകക്കുക. ഔഷധിയിൽ നിന്നോ തറി മരുന്ന് കടകളിൽനിന്നോ പുകക്കൂട്ടുകൾ ലഭിക്കും. ഉണങ്ങിയ പഴയ മൺചട്ടിയിലോ കലത്തിലോ ചകിരിപ്പാണ്ടയിൽ തീ പിടിപ്പിച്ച് അതിലേക്ക് ഏതാനും തുളസിയിലയോ, വേപ്പിലയോ ശീമക്കൊന്നയിലയോ ഇട്ട് തൽക്ഷണ പുകക്കൂട്ട് നമുക്കും ഉണ്ടാക്കാം. പൊള്ളലും തീപിടുത്തവും ഉണ്ടാകാതെ ശ്രദ്ധിക്കണം.

കാർഷിക രംഗത്തേക്ക് വരുമ്പോൾ കാർത്തികയിൽ ചെയ്യാൻ ഉള്ള പണികൾ എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ രോഹിണിയുടെ തുടക്കത്തിൽ തന്നെ ചെയ്യേണ്ടതാണ്. പച്ചക്കറി നട്ടിട്ടില്ലാത്തവർ നടാൻ ഇനിയും വൈകരുത്.

വിരിപ്പിന് പൊടിവിത വിതച്ചിട്ടില്ലാത്തവർ ഇനിയും അമാന്തിക്കരുത്.
കാർത്തികയിലിട്ട വിത്തുകൾ മുളച്ചു ഞാറ് ആയിട്ടുണ്ടാകും. മൂന്നില വന്നാൽ ജീവാമൃതം 20 ഇരട്ടി വെള്ളം ചേർത്ത് കുറേശ്ശെ തളിച്ച് കൊടുക്കാം. പറിച്ചു നടുന്നതിന് മുമ്പ് രണ്ട് തവണ ചെയ്താൽ മതിയാകും.

മകീര്യത്തിലും തിരുവാതിരയിലുമായി നടക്കേണ്ട നാട്ടിപ്പണിക്ക് മുന്നൊരുക്കങ്ങൾ ചെയ്യാം. ഞാറ് ഒരുക്കിയതൊഴികെയുള്ള കണ്ടത്തിൽ അരൂംമൂലേം (അരികുകളും മൂലകളും) കിളച്ചിടണം. വരമ്പ് വൃത്തിയാക്കാം. കുമ്മായം ചേർത്ത് ഒരുചാൽ ഉഴുതിടാം. കണ്ടത്തിൽ കൊഴിച്ചിൽ ഉണ്ടെങ്കിൽ പറിച്ചെടുത്ത് തറിച്ചിടാം. പുറമേനിന്നു പച്ചത്തോല് കൊണ്ട് വന്നും തറിച്ചിടാം. മണ്ണിലെ കാർബണും സൂക്ഷ്മ മൂലകങ്ങളും വർദ്ധിക്കാൻ ഇത് സഹായിക്കും.

റാഗി, തിന, വരക്, മണിച്ചോളം തുടങ്ങിയ ചെറുധാന്യങ്ങൾ കരക്കൃഷിക്ക് വിതക്കുന്ന സമയമാണ്. കാത്സ്യം സമ്പന്നമായ ഈ ധാന്യങ്ങൾ പോഷകങ്ങളുടെ കലവറയാണ്.

പയറ് നടാൻ ഏറ്റവും അനുയോജ്യമായ കാലം. നീളൻ, മീറ്റർ, കഞ്ഞിക്കുഴി, പതിനെട്ട് മണിയൻ, കുറ്റിപ്പയർ തുടങ്ങിയ നാടൻ ഇനങ്ങളോ പുത്തൻ വിത്തുകളോ ആവാം. ചാലെടുത്തോ കിളച്ച് തയ്യാറാക്കി വാരമെടുത്തോ നടാം. ചാണകപ്പൊടി അടിവളമായി നൽകാം. 'രോഹിണിയിൽ പയർ നട്ടാൽ കായ കുറഞ്ഞാലും ഇല തിന്നാം'. ഇല ധാരാളമായി ഉണ്ടാകും. വരാൻ പോകുന്നത് ഇലക്കറികൾ കൂടുതലായി കഴിക്കേണ്ട കാലമാണ്.

നിലവിലുള്ള തെങ്ങുകൾക്ക് തടമെടുക്കാം. ഓലയുടെ വിസ്താരത്തിൽ വേര് പടലം ഉണ്ടാവും. തടവും അതിനനുസരിച്ചാവണം. തടത്തിൽ ചവറും തോലും ഇട്ട് കൊടുക്കാം. ഓലയും മട്ടലും കൊലച്ചിലും അടിച്ചാരയും ചേരിയും ചിരട്ടയും മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാത്തവർ അവ തെങ്ങിൻ തടത്തിൽ തന്നെ ഇട്ടു കൊടുക്കണം.
'തെങ്ങിന് ഇടവപ്പാതി അകത്ത്; തുലാവർഷം പുറത്ത് ' എന്നാണ്. കാലവർഷം മുഴുവൻ തെങ്ങിൻ തടത്തിൽ പെയ്യുമ്പോൾ അത് നല്ലൊരു ജലസംഭരണിയായി പ്രവർത്തിക്കുകയും ഭൂമിയിലേക്ക് ജലം ഇറങ്ങുകയും ചെയ്യുന്നു.(ജല സംരക്ഷണത്തിന്റെ പഴയ പാഠങ്ങൾ.) ഒപ്പം തടത്തിൽ ഇട്ട ചവറും തോലും കമ്പോസ്റ്റ് ആയി മാറുകയും ചെയ്യും.

തേങ്ങയും അടക്കയും പാകി മുളപ്പിക്കാം. തേങ്ങ പാകുമ്പോൾ അൽപം ഉപ്പും മണലും മണ്ണിൽ ചേർക്കുന്നത് നല്ലതാണ്. ചക്കക്കുരുവും മാങ്ങക്കുരട്ടയും കശുവണ്ടിയും മറ്റു മരങ്ങളുടെ വിത്തുകളും പാകി മുളപ്പിക്കാം.

ക്ഷാമകാലത്തേക്കുള്ള കരുതൽ എന്ന നിലയിൽ ചക്കക്കുരു ശേഖരിച്ച് വെക്കാം. കേടു കൂടാതിരിക്കാനായി മമ്പിടിച്ച് വെക്കണം. (പുറ്റുമണ്ണ് അല്ലെങ്കിൽ ചുവന്ന മണ്ണ് പച്ചവെള്ളത്തിൽ കുഴച്ച് ചക്കക്കുരു ഈ ചളിയിൽ പെരക്കുക. തണലത്ത് ഉണക്കിയെടുക്കുക.) അടുക്കളയുടെ/സ്റ്റോർ റൂമിന്റെ മൂലയിൽ കൂട്ടിയിടുകയോ ചണച്ചാക്കിൽ കെട്ടിവയ്ക്കുകയോ ചെയ്താൽ അടുത്ത ചക്ക സീസൺ വരെ കേടുകൂടാതെ നിന്നോളും. തുലാവർഷം തുടങ്ങുമ്പോൾ നടാൻ അഞ്ചാറ് പ്ലാവുംതൈ സൗജന്യം!.

തേനീച്ചക്ക് ഇനിയുള്ള മൂന്ന് മാസം ക്ഷാമകാലമാണ്. സൂപ്പറിലെ(തേനറ/മേൽക്കൂട്) അടകളെല്ലാം മുറിച്ച് മാറ്റി കൂട് വൃത്തിയാക്കണം. ഈച്ച കളുടെ പ്രജനനം നടക്കുന്ന അടിക്കൂടും വൃത്തിയാക്കണം. അടകൾക്ക് കേടും കീടബാധയും ഇല്ലായെന്ന് ഉറപ്പ് വരുത്തുക. കൂട് അടച്ചുറപ്പുള്ളതാക്കണം. ഈച്ചകൾക്കുള്ള ഭക്ഷണമായി പഞ്ചസാര ലായനിയോ തേൻ ലായനിയോ നൽകേണ്ട സംവിധാനം കൂടിനകത്ത് ഒരുക്കണം.

ഓരോ വീടും സ്വാശ്രയമാവട്ടെ;
ഓരോ ഗ്രാമവും സ്വാശ്രയമാവട്ടെ.


റാഫി. സി. പനങ്ങാട്ടൂർ.