മലയാളം English

പതിവുചോദ്യങ്ങൾ

ജൈവകൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍

ഓരോ പ്രദേശത്തെ മണ്ണിനും കാലാവസ്ഥയ്ക്കും ജലലഭ്യതയ്ക്കും ഭൂപ്രകൃതിക്കും അനുസരിച്ച് അതാത് പ്രദേശത്തെ പ്രാദേശിക വിഭവങ്ങളും  പരമ്പരാഗത അറിവും പരമാവധി പ്രയോജനപ്പെടുത്തി ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പു വരുത്തി മണ്ണിനും പരിസ്ഥിതിക്കും ദോശകരമല്ലാത്തതും സുസ്ഥിരമായതുമായ 
കൃഷിയെയാണ് ജൈവകൃഷിയെന്ന് പറയുന്നത്. 
വിവിധ ജൈവകൃഷി രീതികൾ നിലവിലുണ്ട്. പ്രകൃതിക്ക് കോട്ടം വരുത്താത്ത ഏതു രീതിയും ഒരു ജൈവകർഷകന് പിന്തുടരാം. ആ രീതി പ്രാദേശികമായി അനുയോജ്യമാണെന്ന് ഉറപ്പു വരുത്തിയാൽ മതി. 
നമ്മുടെ ഞാറ്റുവേല പാരമ്പര്യ കൃഷി,
ജപ്പാനിലെ മസനോബു ഫുക്കുവോക്കയുടെ
പ്രകൃതികൃഷി, ആസ്ട്രേലിയയിലെ ബിൽ മോളിസന്‍റെ പെർമാ കൾച്ചർ, ദബോൽക്കറുടെ
നാച്യുകോ ഫാമിംഗ്, റുഡോൾഫ്സ്റ്റൈയ്നർറിന്‍റെ ബയോഡൈനാമിക് ഫാമിംഗ്, സുബാഷ് പാലേക്കറുടെ ചെലവില്ലാ പ്രകൃതി കൃഷി തുടങ്ങിയവ ജൈവകൃഷി രീതികൾക്ക് ചില ഉദാഹരണങ്ങളാണ്.
കന്നുകാലികളുടെ ചാണകവും, കാഷ്ഠവും മുത്രവും മണ്ണിൽ അടിഞ്ഞു ചേരുന്ന ജൈവാവശിഷ്ടങ്ങളുമൊക്കെയാണ്
ജൈവകൃഷിയിലെ പ്രധാന വളങ്ങൾ.
പിണ്ണാക്ക് വളങ്ങൾ, കമ്പോസ്റ്റ് വളങ്ങൾ, ബയോഗ്യാസ് സ്ലറി അങ്ങിനെ മണ്ണിൽ പെട്ടെന്ന് ജയാപചയ പ്രക്രിയകൾക്ക് വിധേയമാകുന്ന ഏതൊരു വസ്തുവും ജൈവവളമായി ഉപയോഗിക്കാവുന്നതാണ്.
അതിലടങ്ങിയ ഘടകങ്ങൾക്കനുസരിച്ച് കൃത്യമായ അളവിലായിരിക്കണം ഉപയോഗിക്കേണ്ടതെന്നു മാത്രം.
ചാണകവും മൂത്രവും മത്സ്യാവശിഷ്ടങ്ങളും അതുപോലെ മറ്റു ജൈവവസ്തുക്കളും ഉപയോഗിച്ച് വിവിധ തരം വളക്കൂട്ടുകൾ നിർമിച്ചും ജൈവകൃഷിയിൽ പ്രയോഗിക്കാം. മണ്ണിലെ സൂക്ഷ്മ ജീവികളുടെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിന് ഇത്തരം  വളക്കൂട്ടുകൾ വളരെ ഉപകാരപ്രദമാണ്.
ജൈവകൃഷിയിൽ കീടരോഗങ്ങൾ വരാതിരിക്കാൻ പരമാവധി മുൻകരുതലെടുക്കുകയാണ് ചെയ്യാറുള്ളത്.
അതിന് വേണ്ടി പ്രതിരോധ ശേഷിയുള്ള നാടൻ വിത്തുകൾ ഉപയോഗിക്കുന്നു. മണ്ണിന്‍റെ ആരോഗ്യം വർദ്ധിപ്പിച്ച് മണ്ണ് ജൈവസമ്പുഷ്ടമുള്ളതാക്കി മാറ്റുന്നു. കൃഷിയിടത്തിൽ ജൈവവൈവിധ്യം ഉറപ്പു വരുത്തുന്നു. കെണിവിളകൾ നടന്നു. വിളകൾക്കനുയോജ്യമായ സമയകൃത്യത പാലിക്കുന്നു.  പച്ചക്കറികളാണെങ്കിൽ ആഴ്ചയിലോരിക്കലെങ്കിലും കീടങ്ങളെ അകറ്റാൻ വേണ്ടി അരുചിയുള്ളതും ദുർഗന്ധമുള്ളതുമായ കീടനിയന്ത്രണ മാര്‍ഗങ്ങള്‍ ഉണ്ടാക്കി പ്രയോഗിക്കുന്നു. നെല്ലിലാണെങ്കിൽ ചാഴിയെ അകറ്റാൻ കതിരാകുന്നതിന് തൊട്ടുമുമ്പ് മത്സ്യാവശിഷ്ടമോ മറ്റെന്തെങ്കിലും ദുർഗന്തമുള്ളതോ ആയ കീടനിയന്ത്രണമാർഗങ്ങൾ ഉപയോഗിക്കുന്നു. 
ഇങ്ങനെ പരിസ്ഥിതി സൗഹൃദമായ വ്യത്യസ്ത രീതികളാണ് കീടരോഗ നിയന്ത്രണത്തിന് ജൈവകൃഷിയിൽ പ്രയോഗിക്കാറുള്ളത്.
 
രാസവളങ്ങളെ കുറിച്ച് ഇത്തരത്തിലുള്ള പല തെറ്റിദ്ധാരണകളും ഉണ്ട്. രാസവളങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതു കൊണ്ടാണത്. രാസകീടനാശികളെപോലെ തന്നെ അപകടകാരികളാണ് രാസവളങ്ങൾ.മിക്ക രാസവളങ്ങളും മണ്ണിന്‍റെ അസിഡിറ്റി വർദ്ധിപ്പിക്കുന്നു. ഇതുവഴി മണ്ണിന്‍റെ പി. എച്ച് കുറയുന്നതു കാരണം മണ്ണിലെ മറ്റു സൂക്ഷ്മ മൂലകങ്ങൾ ചെടികൾക്ക് കിട്ടാൻ സഹായിക്കുന്ന സൂക്ഷ്മ ജീവികളുടെ പ്രവർത്തനം കുറയുകയും അതുമൂലം സസ്യങ്ങൾക്ക് രോഗങ്ങൾ വരുകയും ചെയ്യുന്നു. മറ്റൊന്ന്  കർഷകർ പ്രയോഗിക്കുന്ന രാസവളങ്ങൾ പൂർണമായും ചെടികൾക്ക് എടുക്കുന്നില്ല. നല്ലൊരു ശതമാനവും പാഴായി പോയി ജലമലിനീകരണത്തിനും വായു മലിനീകരണത്തിനും ഇടയാക്കുന്നു.  ബാക്കി നൈട്രേറ്റായി മാറി ജലം മലിനീകരിക്കുന്നു. ഫോസ്ഫറസ് വളങ്ങൾ ഉപയോഗിക്കുമ്പോള്‍ മണ്ണിൽ മാംഗനീസുണ്ടെങ്കിൽ മാംഗനീസുമായി ചേർന്നു മണ്ണിൽ അലിയാത്ത രൂപത്തിൽ ഫിക്സ് ആകുന്നു. ചില കമ്പനികൾ രാസവളങ്ങളിൽ ചേർക്കുന്ന ഫില്ലറുകളായ ഫാക്ടറി വേസ്റ്റുകൾ കാരണം അതിലടങ്ങിയിരിക്കുന്ന രാസവിഷങ്ങളായ കാഡ്മിയം, ലെഡ്, ആഴ്സനിക് തുടങ്ങിയ രാസവിഷങ്ങൾ മണ്ണിലെത്തുകയും അത് ചെടികൾ വലിച്ചെടുക്കുകയും ഭക്ഷണത്തിലൂടെ മനുഷ്യ ശരീരത്തിലെത്തി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കൂകയും ചെയ്യുന്നു.
നൈട്രജൻ വളങ്ങൾ കൂടുമ്പോൾ സസ്യങ്ങളുടെ കോശഭിത്തി വർദ്ധിക്കുകയും കൃത്രിമ ആരോഗ്യം കാരണം കീടങ്ങളെ ആകർഷിക്കുകയും ചെയ്യുന്നു. കൂടാതെ രാസവളങ്ങൾ നിർമിക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതി മലിനീകരണങ്ങൾ, ഫോസ്ഫറസ്, പൊട്ടാസ്യം വളങ്ങൾ കുഴിച്ചെടുക്കുമ്പോൾ സംഭവിക്കുന്ന പാരിസ്ഥിക ആഘാതങ്ങൾ
അങ്ങിനെ നിരവധി പ്രശ്നങ്ങൾ രാസവളങ്ങൾ
മൂലം സംഭവിക്കുന്നുണ്ട്.

ഇന്ന് ഇന്ത്യയിൽ 275 ദശലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ ഉൽപാദിപ്പിക്കുന്നുണ്ട്.  ഇത് ഇവിടുത്തെ 132 കോടി ജനങ്ങൾക്ക് ആവശ്യമുള്ളതിലും എത്രയോ അധികമാണ്. എന്നിട്ടും 30 ശതമാനം ജനങ്ങളും ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്നു. 194 ദശലക്ഷം ജനങ്ങൾ ഇന്ത്യയിൽ പട്ടിണിയിലാണ്. 20.8% കുട്ടികൾ ഭാരക്കുറവ് അനുഭവിക്കുന്നുണ്ട്. അഞ്ചു വയസ്സിനു താഴെയുള്ള 37.9 ശതമാനം കുട്ടികള്‍ വളര്‍ച്ച മുരടിപ്പ് അനുഭവിക്കുന്നു. 15നും 49 വയസ്സിനും ഇടയിലുളള 51.4 ശതമാനം സ്ത്രീകള്‍ വിളര്‍ച്ച രോഗികളാണ്.

2019 ലെ വേൾഡ് ഹംഗർ ഇൻഡക്സിൽ 117 രാജ്യങ്ങളില്‍ ഇന്ത്യ 102 ആം സ്ഥാനത്താണ്. കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ മൂന്നര ലക്ഷം കർഷകരാണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്തത്. 

ഈ പട്ടിണിക്ക് കാരണം ഉൽപാദനമില്ലാത്തതാണോ?

ലോകത്തുള്ള മുഴുവൻ ജനങ്ങൾക്കുമുള്ള
ഭക്ഷണം ഇന്ന് ഉൽപാദിപ്പിക്കുന്നുണ്ട്.
എന്നിട്ട് ലോക ജനസംഖ്യയിൽ 820 ദശലക്ഷം ജനങ്ങളും പട്ടിണിയിലാണ്.
അതായത് ഒൻപതിൽ ഒരാൾ പട്ടിണി അനുഭവിക്കുന്നു. ലോകത്തെ 45 ശതമാനം ശിശുമരണങ്ങൾക്കും കാരണം പോഷകാഹാര കുറവാണ്. അഞ്ച് വയസ്സിനു താഴെ പ്രായമുള്ള 15.1 കോടി കുഞ്ഞുങ്ങൾ വളർച്ചക്കുറവുള്ളവരാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും
പ്രതിവർഷം ഉൽപാദിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കളിൽ മൂന്നിലൊന്നും പാഴായിപ്പോകുന്നു. അമിതവണ്ണം കാരണം
190 കോടി ജനങ്ങൾ പ്രശ്നങ്ങൾ അനുഭവിക്കുന്നു. 34 ലക്ഷം പേർ അമിത വണ്ണം കാരണം പ്രതിവർഷം മരിക്കുന്നു. ഇതിലേറെ പേർ അമേരിക്കൻ - യൂറോപ്യൻ രാജ്യങ്ങളിലാണ്.

ആയിരം കോടി ജനങ്ങൾക്കുള്ള ഭക്ഷണം ഇന്ന് ലോകത്ത് ഉണ്ടാക്കുന്നുണ്ടുണ്ടെങ്കിലും അനേകം പേര്‍ പട്ടിണി കിടക്കേണ്ട ഗതികേടിലാണ്. ഇതിൽ 70 ശതമാനവും വികസ്വര രാജ്യങ്ങളിലെ ചെറുകിട കർഷകരാണ് എന്നതാണ് സത്യം.

ഭക്ഷണം ആവശ്യത്തിനുണ്ടായിട്ടും
പിന്നെയെന്തിനാണ് കർഷകരോട് വീണ്ടും വീണ്ടും ഉൽപാദനം കൂട്ടാൻ വേണ്ടി പറയുന്നത്? അപ്പോൾ ആർക്കുവേണ്ടിയാണ് ഈ ഉൽപാദിപ്പിച്ചു കൂട്ടുന്നത്?

കൂടുതൽ ഉൽപാദിക്കുമ്പോൾ കാർഷിക ഉൽപന്നങ്ങൾക്ക് വിലയിടിക്കാൻ എളുപ്പമാണ്. പെട്ടെന്ന് കേടു വരുന്ന ഭക്ഷ്യ വിളകൾ കിട്ടുന്ന കാശിന് കർഷകർക്ക് കൊടുത്തഴിവാക്കേണ്ടി വരും. ഉൽപന്നത്തിന് ഡിമാന്റ് കുറയും.

 

ഉൽപാദനം കുറഞ്ഞതല്ല പട്ടിണിക്ക് കാരണമെന്ന് വ്യക്തമാണ്. ഹരിതവിപ്ലവത്തിന് മുമ്പും ഇതു തന്നെയായിരുന്നു അവസ്ഥ! രാഷ്ട്രീയ സാമൂഹിക കാരണങ്ങളാണ് പട്ടിണി സൃഷ്ടിക്കുന്നത്.
ചിലസമയങ്ങളിൽ പരിസ്ഥിതിക ദുരന്തങ്ങളും പട്ടിണിക്ക് കാരണമാകാറുണ്ട്.
ഉൽപാദനം വർദ്ധിപ്പിച്ചതു കൊണ്ട് മാത്രം ഇതൊന്നും മാറ്റാൻ പറ്റില്ല.

അങ്ങിനെയായിരുന്നുവെങ്കിൽ ഹരിതവിപ്ലവത്തിന്റെ ഈറ്റില്ലങ്ങളായ മെക്സിക്കോയിലും അമേരിക്കയിലൊന്നും പട്ടിണിയുണ്ടാകാൻ പാടില്ലായിരുന്നു. ഹരിത വിപ്ലവം നടന്ന ഏഷ്യൻ രാജ്യങ്ങളിൽ പട്ടിണിയുണ്ടാകാൻ പാടില്ലായിരുുന്നു. 

ആഗോള കുത്തക ഭക്ഷ്യ- കാർഷിക കമ്പനികൾ നിയന്ത്രിക്കുന്ന വ്യവസ്ഥിതിക്ക് മാറ്റം വരാതെ പട്ടിണി മാറില്ല!

ലോക ജനസംഖ്യയെ തീറ്റിപോറ്റുന്നത് 70 ശതമാനം വരുന്ന ചെറുകിട കർഷകരാണ്. ലോകത്ത് മുപ്പതു ശതമാനം മാത്രമാണ് വ്യാവസായിക കൃഷി. ചെറുകിട കർഷകന്‍റെ ഉൽപന്നങ്ങൾക്ക് കൃത്യമായ ആനുകൂല്യങ്ങളും വിലയും കിട്ടാത്തതു കൊണ്ടാണ് അവർ കഷ്ടപ്പെടുന്നത്.

ഈ ചെറുകിട കർഷകരെ ജൈവകൃഷിയിലേക്ക് കൊണ്ടുവരാൻ വളരെ എളുപ്പമാണ്. അമിതമായ രാസകീടനാശിനികൾ ഉപയോഗിച്ചുള്ള വ്യാവസായിക കൃഷി ഉണ്ടാക്കുന്ന വിഷലിപ്തമായ പോഷകഗുണം കുറഞ്ഞ ഭക്ഷണത്തിന് പകരം ലോകത്തിന് ആരോഗ്യമുള്ള ഭക്ഷണം നൽകാൻ ഈ ചെറുകിട കർഷകർക്ക് സാധിക്കും. അവർക്ക് അതിനുള്ള സംവിധാനങ്ങൾ ഒരുക്കി കൊടുത്താൽ മാത്രം മതി.


അതുകൊണ്ട് ലോകത്തിന്റെ പട്ടിണി മാറുമോ എന്ന ചോദ്യത്തിന് മിഷിഗൺ യൂനിവേഴ്സിറ്റിയിലെ കാതറിൻ ബാഡ്ജലിയും (Catherine Badgley) മറ്റു ശാസ്ത്രജ്ഞരും ചേര്‍ന്ന് നടത്തിയ 'Organic agriculture and the global food supply' എന്ന പഠനം വായിച്ചാൽ നമുക്ക് മനസ്സിലാകും. ചെറുകിട കർഷകർ ജൈവകൃഷിയിലേക്ക് മാറിയാൽ ഉൽപാദനം കുറയുന്നില്ലയെന്നു മാത്രമല്ല
ലോകത്തിനാവശ്യമായ ഭക്ഷണം ഉണ്ടാക്കുവാൻ പറ്റുമെന്നും ഈ പഠനത്തിൽ കൃത്യമായി പറയുന്നുണ്ട്.

 

 

ഞായറിന്‍റെ വേളയാണ് ഞാറ്റുവേലയായി മാറിയത്. ഞായർ എന്നു പറഞ്ഞാൽ സൂര്യനാണല്ലോ. വേള സമയവും. ഞായിറ്റുവേളയെന്നും ഞാറ്റിലായെന്നുമൊക്കെ ഞാറ്റുവേലകൾക്ക് പറയാറുണ്ട്.
സൂര്യന്‍റെ സമയമെന്നോ ദിശയെന്നോയൊക്കെ വാക്യാർത്ഥം വരുമെങ്കിലും ഒരു വർഷം ലഭിക്കുന്ന മഴയുടെ വിതരണത്തെയും സസ്യങ്ങളുടെ വളർച്ചയെയും സാമ്പ്രദായിക കൃഷി അനുഭവ പരിഞ്ജാനത്തെയും അടിസ്ഥാനപ്പെടുത്തിയാണ് ഞാറ്റുവേലകൾ കുറിച്ചുട്ടുള്ളത്. ഭൂമി സൂര്യനെ ചുറ്റുന്ന പ്രദക്ഷിണപാതയെ ഏകദേശം
പതിമൂന്നര ദിവസമുള്ള ഇരുപത്തിയേഴ് ഭാഗങ്ങളായി തിരിച്ച് ഓരോന്നിനും ഓരോ പേര് നൽകിയിരിക്കുന്നു. 
ഭൂമിയിൽ നിന്നും സൂര്യനെ നോക്കുമ്പോൾ സൂര്യൻ ഏതു നക്ഷത്രത്തിന്‍റെ അടുത്താണോ ആ നക്ഷത്രത്തിന്‍റെ പേരാണ് ഞാറ്റുവേലയ്ക്ക്. 
അങ്ങിനെ അശ്വതി, ഭരണി,
കാര്‍ത്തിക, രോഹിണി, മകീര്യം, തിരുവാതിര തുടങ്ങി രേവതി വരെയുള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങളുടെ പേരിലാണ് ഞാറ്റുവേലകൾ അറിയപ്പെടുന്നത്.

മലയാളമാസം ആരംഭിക്കുന്നത് ചിങ്ങത്തിലാണല്ലോ,
ചിങ്ങം ഒന്നിനാണ് കേരളത്തിൽ കർഷകദിനം കൊണ്ടാടുന്നത്.
യഥാർത്ഥത്തിൽ കർഷക വർഷം ആരംഭിക്കുന്നത് മേടം ഒന്നിനാണ്. മഴക്കാലകൃഷി ആരംഭിക്കുന്നത് മേടമാസത്തിലാണ്.

അശ്വതി ഞാറ്റുവേല ആരംഭിക്കുന്നത് മേടം ഒന്നിനാണ്. മേടാംരംഭത്തിലാണല്ലോ വിഷുവും നാമാഘോഷിക്കുന്നത്.
ഓരോ ഞാറ്റുവേലയിലും എന്തു നടണം എങ്ങനെ പരിപാലിക്കണമെന്നൊക്കെ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇത്പുസ്തകത്തിലൂടെയല്ല കർഷകരുടെ വായ്മൊഴികളിലൂടെയാണ് പ്രചരിച്ചത്.
അക്ഷരഭ്യാസം കുറവായ കർഷകന്‍റെ മനസ്സിൽ എന്നെന്നും നിലനിൽക്കുന്ന രീതിയിൽ പദ്യരൂപത്തിൽ പഴമൊഴികളായി പരമ്പരകളായി ഈ അറിവുകള്‍ പകർന്നു പോന്നു. ചില കാര്യങ്ങൾ പഴംചൊല്ലുകളായി മാറി.